കൊച്ചി: കോതമംഗലത്ത് വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ ബംഗാൾ സ്വദേശിയായ പ്രതി പിടിയിൽ. ബംഗാൾ സ്വദേശി ഹസ്മത്താണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്.
ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ബംഗാളിലെ സ്ഥിര മോഷ്ടാവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൂന്നുവർഷം മുമ്പാണ് ഹസ്മത്ത് കേരളത്തിൽ എത്തിയത്. ഇയാൾ എറണാകുളത്ത് നടത്തിയ മറ്റ് മോഷണങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് കോതമംഗലത്ത് 82 വയസ്സുള്ള ഏലിയാമ്മയുടെ മാല യുവാവ് വീട്ടുമുറ്റത്തുവെച്ച് മോഷ്ടിച്ചത്. പറമ്പിൽ പാമ്പുണ്ടെന്ന് പറഞ്ഞാണ് മോഷ്ടാവ് വീടിനകത്തായിരുന്ന ഏലിയാമ്മയെ പുറത്തിറക്കിയത്.
പറമ്പിലേക്ക് വിരൽ ചൂണ്ടിക്കാട്ടി ഏലിയാമ്മയുടെ അടുത്ത് നിന്ന ഇയാൾ ഞൊടിയിടയിൽ മാലപൊട്ടിച്ച് ഓടുകയായിരുന്നു. ആക്രമണത്തിൽ നിലത്തുവീണ ഏലിയാമ്മയ്ക്ക് പരിക്കേറ്റു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഏലിയാമ്മയെ ആശുപത്രിയിലെത്തിച്ചത്.