നിരവധി പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍. 156 പ്രവാസികള്‍ക്കാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പൗരത്വം അനുവദിച്ചു കൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്.
അടുത്തിടെ ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുകയും കൂടുതല്‍ ലളിതമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുല്‍ത്താന്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്.
പൗരത്വവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. മന്ത്രാലയം അപേക്ഷകള്‍ പഠിക്കുകയും നിയമങ്ങളില്‍ പറഞ്ഞിട്ടുള്ള നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാതെ അപേക്ഷകള്‍ മന്ത്രാലയത്തിന് നിരസിക്കാവുന്നതാണ്.