കോഴിക്കോട്: ഏഴു ദിവസം നീണ്ടുനിന്ന ഗവണ്മെന്റ് സൈബര്‍ പാര്‍ക്കിലെ ഓണാഘോഷങ്ങള്‍ക്ക് ആവേശത്തിമര്‍പ്പോടെ സമാപനമായി. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ, ഓണപ്പൂക്കളം, വിവിധ മത്സരങ്ങള്‍ തുടങ്ങിയവ കൊണ്ട് ഏഴു ദിവസത്തെ ഓണാഘോഷങ്ങള്‍ സമ്പന്നമായിരുന്നു.
ഓണാഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ യെല്ലോ ഹൗസ് വിജയികളായി. ഫൈനലില്‍ ഗ്രീന്‍ ഹൗസിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് യെല്ലോ ഹൗസ് പരാജയപ്പെടുത്തിയത്. സൈബര്‍ പാര്‍ക്കിലെ 82 കമ്പനികളിലെ കമ്പനികളിലെ ജീവനക്കാരെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍ നടത്തിയത്. സൈബര്‍ പാര്‍ക്കിലെ സ്പോര്‍ട്സ് ടര്‍ഫായ സൈബര്‍ സ്പോര്‍ട്സ് അരീനയിലായിരുന്നു മത്സരങ്ങള്‍.
സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, എച്ച് ആര് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മാനേജര്‍ അനു ശ്രീ, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി ഭാരവാഹികള്‍, വിവിധ കമ്പനി പ്രതിനിധികള്‍ എന്നിവരെ അടങ്ങുന്ന സംഘാടകസമിതിയാണ് ഓണാഘോഷ പരിപാടികള്‍ നടത്തിയത്.