മാറുന്ന ഓണകാഴ്ചകൾ കാഴ്ചപ്പാടുകൾ ...

01:16 PM Sep 02, 2025 | AVANI MV


ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും ആഘോഷമാണ് മലയാളികൾക്ക് ഓണം. ഒരു വസന്തകാലത്തിന്റെ ഓർമകളുമായി  മറ്റൊരു പോന്നോണക്കാലമിങ്ങെത്തി. ലോകത്ത് എവിടെ ആണെങ്കിലും മലയാളികൾ ഓണം ആഘോഷിക്കാറുണ്ട്. ചിങ്ങത്തിലെ അത്തം നാൾ മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളിൽ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.  പണ്ടുകാലത്ത് മലയാളികൾ കൂട്ടുകുടുംബ വ്യവസ്ഥിതിയിലാണ് ഓണക്കാലം കൊണ്ടാടിയിരുന്നത്  . ഓണക്കാലമായാൽ വീട്ടിലെ അംഗങ്ങൾ എല്ലാം ഒത്തുകൂടാൻ തറവാട്ടിലേക്ക് എത്തും.

എന്നാൽ ആ കാലഘട്ടത്തിലുള്ള ഓണമാണോ പുതുതലമുറ ഇന്ന് അനുഭവിക്കുന്നത്?  ഓണത്തിന്റെ വരവറിയിച്ചെത്തുന്ന ഓണത്തു മ്പികളുടെകൂടെ ആടിയും  പാടിയും നടന്നിരുന്ന  ആ കുട്ടിക്കാലം, പാടത്തും പറമ്പിലും അതിരാവിലെ പൂതേടിയലഞ്ഞിരുന്ന കാലം ഇന്ന് വളരെ അകലെയായിരിക്കുന്നു.

ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കളെല്ലാം ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്  ഇറക്കുമതി ചെയ്യുന്നത് . പണ്ടൊക്കെ വീടുകളിലും തൊടിയിലും സമൃദ്ധമായി വളർന്നിരുന്ന തുമ്പപ്പൂ, അരിപ്പൂ, കാക്കപ്പൂ, മുക്കൂറ്റി തുടങ്ങിയ നാടൻ പൂക്കളൊക്കെ ഇന്ന് കാണാകാഴ്ചയാണ്. അതോടൊപ്പം, പണ്ട് ഓണനാളുകളിൽ ഉണ്ടായിരുന്ന പല നാടോടി കലാരൂപങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 

ഓണത്തെവരവേൽക്കാൻ ഒരുപാട് സ്വപ്നങ്ങളും അതിലേറെ ആഗ്രഹങ്ങളുമായി ഉത്സാഹത്തോടെ കാത്തുനിന്നിരുന്ന പൂർവികരുടെ ആ കാലമല്ല ഇന്ന് നാം കാണുന്നത് . മറിച്ച് ഡിസ്കൌണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും കാത്തിരിക്കുന്ന അല്ലെങ്കിൽ അതിനായി കടകൾ തോറും  കയറിയിറങ്ങുന്ന മലയാളിയുടെ മുൻപിലേക്ക് ബംബർപ്രൈസ്സായിട്ടാണ് ഇന്ന് ഓണം കടന്നുവരുന്നത്. 

ഓണത്തപ്പനും ഓണപാട്ടുകളും ഓണക്കളികളും ഇന്ന് പരസ്യങ്ങളിൽ മാത്രമായി ഒതുങ്ങികൊണ്ടിരിക്കുന്നു. പണ്ട് ബഹുമാനപൂർവ്വം കണ്ടിരുന്ന മാവേലിയെ ഇപ്പോൾ ബൈക്കിലും കാറിലും എന്തിന് ഹെലികോപ്റ്ററിൽ പോലും പോകുന്ന തരത്തിൽ മാറ്റുകയാണ് പുതുതലമുറ.

പ്രകൃതി പോലും ഓണത്തെ വരവേറ്റിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമുക്ക്. എല്ലാം ഇന്ന് ഓർമ്മകൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. പുതുതലമുറയ്ക്ക് ഓണത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട്   ആ പഴയ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്