+

ഓണക്കാലം ; സപ്ലൈകോയുടെ വില്‍പ്പന 300 കോടി കടന്നു

ഒരു റേഷന്‍ കാര്‍ഡിന് 8 കിലോ ഗ്രാം അരിയാണ് സബ്ലിഡി നിരക്കില്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തിരുന്നത്.

സപ്ലൈകോയില്‍ ഇന്നലെ മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍. ഓണക്കാലത്ത് സപ്ലൈകോയുടെ വില്‍പ്പന ഇതു വരെ 300 കോടി കടന്നു. 300 കോടി വില്പനയാണ് ഓണക്കാലത്ത് സപ്ലൈകോ ആകെ പ്രതീക്ഷിച്ചിരുന്നത്. ഇതുവരെ നടന്നത് 319.3 കോടി രൂപയുടെ വില്‍പ്പനയെന്നും സര്‍ക്കാര്‍ കണക്കുകള്‍. 49 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയില്‍ എത്തി. കേരളത്തിലെ 3.33 കോടി ജനങ്ങളില്‍ രണ്ട് കോടി പേര്‍ക്കെങ്കിലും സര്‍ക്കാരിന്റെ വിപണിയിടപെടലിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.


ഓഗസ്റ്റില്‍ സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന രീതിയിലുള്ള വില്‍പനയാണ് സപ്ലൈകോ ഔട്ട് ലെറ്റുകള്‍ വഴി നടന്നത്.ഓഗസ്റ്റ് 31 വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപയാണ്. ഓഗസ്റ്റ് 11, 12 തീയതികളില്‍ പ്രതിദിന വിറ്റുവരവ് പത്തു കോടി കവിഞ്ഞു. 27ന് സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വിറ്റുവരവായ 15.7 കോടിയിലെത്തി (ഇതിനു മുമ്പുള്ള പ്രതിദിന വിറ്റുവരവ് 15.37 കോടിയായിരുന്നു). ഓഗസ്റ്റ് 30 ന് വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം നടത്തി 19.4 കോടി രൂപയായി. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയാണ് നടന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു റേഷന്‍ കാര്‍ഡിന് 8 കിലോ ഗ്രാം അരിയാണ് സബ്ലിഡി നിരക്കില്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപ നിരക്കില്‍ സ്പെഷ്യല്‍ അരിയായി ലഭ്യമാക്കുന്നു. 92.8 ലക്ഷം കിലോ ഗ്രാം അരി ഈ മാസം വില്‍പന നടത്തി. 

facebook twitter