
ബെയ്‌ജിങ്: 2024 ഏപ്രിലിൽ പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് 4-ൻറെ പിൻഗാമിയായി വൺപ്ലസ് നോർഡ് 5 കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ബാറ്ററി ശേഷിയെയും ചാർജിംഗ് വേഗതയെയും കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ലിസ്റ്റിംഗുള്ള ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഈ ഫോൺ കണ്ടെത്തി. നോർഡ് 5-ൽ 6,650 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കാം എന്നാണ് റിപ്പോർട്ട്. നോർഡ് 4-ൻറെ 5,500 എംഎഎച്ച് ബാറ്ററി ശേഷിയേക്കാൾ ഗണ്യമായ വർധനവാണിത്. ഇതിൻറെ ആഗോള പതിപ്പ് ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള വൺപ്ലസ് എയ്‌സ് സീരീസ് ഫോണിൻറെ റീബ്രാൻഡഡ് വേരിയൻറായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഉൽപ്പന്നങ്ങളുടെ പരിശോധന, സർട്ടിഫിക്കേഷൻ എന്നിവയ്ക്കുള്ള സ്ഥാപനമായ ടിയുവി റൈൻലാൻഡ് വെബ്‌സൈറ്റിലാണ് വൺപ്ലസ് നോർഡ് 5 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് സിപിഎച്ച്2079 എന്ന മോഡൽ നമ്പർ ലഭിക്കുന്നു. എന്നാൽ ലിസ്റ്റിംഗ് അതിൻറെ പേര് വൺപ്ലസ് നോർഡ് 5 എന്ന് സ്ഥിരീകരിക്കുന്നില്ല. എങ്കിലും ഇത് ആ സ്മാർട്ട്‌ഫോൺ ആണെന്ന് റിപ്പോർട്ടുകൾ.
6,650 എംഎഎച്ച് റേറ്റുചെയ്ത ശേഷിയുള്ള ബാറ്ററിയാണ് ഹാൻഡ്‌സെറ്റിൽ ലഭിക്കുന്നതെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. 80 വാട്‌സിൽ ഫാസ്റ്റ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. വൺപ്ലസ് നോർഡ് 5 നെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നില്ല. അടുത്തിടെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഈ മാസം അവസാനം ചൈനയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് എയ്‌സ് 5വി-യുടെ പരിഷ്കരിച്ച പതിപ്പായിരിക്കാം വൺപ്ലസ് നോർഡ് 5 എന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
1.5കെ റെസല്യൂഷനും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഉള്ള ഒരു ഫ്ലാറ്റ് ഓലെഡ് സ്‌ക്രീൻ ഇതിൽ നൽകാൻ സാധ്യതയുണ്ട്. ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, ഒഐഎസ് ഉള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും 8-മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഫോണിൽ ഉണ്ടായിരിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16-മെഗാപിക്സൽ സെൻസറും ഇതിലുണ്ടെന്ന് പറയപ്പെടുന്നു. ഫോണിൻറെ മധ്യഭാഗം പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ആഗോള, ചൈനീസ് പതിപ്പുകളിൽ ലുക്കിൻറെ കാര്യത്തിൽ ചില ചെറിയ ഡിസൈൻ മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.