ഓൺലൈനിലൂടെ പി എച്ച് ഡി ലഭിക്കുമെന്ന് വാഗ്ദാനം നടത്തി അഡ്മിഷൻ തട്ടിപ്പ് ; 2 പേർ പിടിയിൽ

07:46 PM Feb 02, 2025 | Neha Nair

ഓൺലൈനിലൂടെ പി എച്ച് ഡി ലഭിക്കുമെന്ന് വാഗ്ദാനം നടത്തി അഡ്മിഷൻ തട്ടിപ്പ് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ സഹരൻപുർ സ്വദേശിയകളായ ജാവേദ് ഖാൻ (30), ഷാഹ്‌റുഖ് ഖാൻ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കംപ്യൂട്ടർ എഞ്ചിനീയർ ആയ ജാവേദ് ഖാൻ ആണ് തട്ടിപ്പ് റാക്കറ്റിന്റെ തലവൻ.

പരാതിക്കാരിയായ പെൺകുട്ടി ഓൺലൈൻ വഴി പി എച്ച് ഡി അഡ്മിഷന് പറ്റിയ യൂണിവേഴ്സിറ്റി തിരയുമ്പോഴാണ് ഈ വെബ്‌സൈറ്റ് ശ്രദ്ധയിൽപെട്ടത്. വെബ്‌സൈറ്റിലേക്ക് കയറിയപ്പോൾ ജാവേദ് ഖാൻ എന്ന ആളുടെ ഫോൺ നമ്പർ ലഭിച്ചു. ശേഷം ഫോണിലേക്ക് വിളിച്ച കുട്ടിയോട് അഡ്മിഷന്റെ വിവരങ്ങൾ പറയുകയും ഇതിന്  വേണ്ടി 1,80,000 രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയ പെൺകുട്ടിക്ക് രസീത് ഒന്നും നൽകിയിരുന്നില്ല. അതിന് ശേഷവും പെൺകുട്ടിയോട് കൂടുതൽ പണം പ്രതി ആവശ്യപ്പെട്ടതോടെയാണ് സംശയം ഉടലെടുക്കുന്നത്. തുടർന്ന് പെൺകുട്ടി പൊലിസിൽ പരാതി നൽകുകയായിരുന്നു.

പണം അയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ടിന്റെയും, ഫോൺ സംഭാഷണങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. തട്ടിപ്പിന് ഉപയോഗിച്ച ഓൺലൈനിലെ വ്യാജ വെബ്സൈറ്റിനെക്കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ ജാവേദ് ഖാന്റെയും, ഷാഹ്‌റുഖ് അലിയുടെയും അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്ന് വ്യക്തമായി. ശേഷം പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണിൽ നിന്നും സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചു. ജാവേദ് ഖാൻ 2022 - 2023 വർഷത്തിൽ പി എച്ച് ഡി അഡ്‌മിഷൻ നൽകുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായി ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. ഇതിന്റെ അനുഭവത്തിൽ നിന്നുമാണ് ഇത്തരമൊരു തട്ടിപ്പ് പദ്ധതിയിട്ടത്. പല യൂണിവേഴ്സിറ്റികളുമായി ടൈ അപ്പ് നടത്താൻ ശ്രമിച്ചിരുന്നു.

എന്നാൽ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും മാത്രമാണ് ജാവേദ് ഖാന് ലെറ്റർ ലഭിച്ചത്. ഗ്ലോക്കൽ യൂണിവേഴ്സിറ്റി എന്ന് പറയപ്പെടുന്ന ഒരു യൂണിവേഴ്സിറ്റിയുടെ വ്യാജ ഐ ഡി കാർഡ് കാണിച്ചാണ് പരാതിക്കാരിയെ ജാവേദ് പറ്റിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഷാഹ്‌റുഖ് ഖാനും തട്ടിപ്പിൽ നിന്നും പണം ലഭിച്ചിരുന്നു. രണ്ട് പ്രതികളും മയക്കുമരുന്നിന് അടിമകളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്