കല്‍പ്പറ്റ: രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാന്യത സമൂഹത്തില്‍ നിലനിര്‍ത്തിയ മഹാ വ്യക്തിത്വമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകര്‍ വിനയം ഉള്ളവരും സത്യസന്ധരും സഹജീവി സ്‌നേഹമുള്ളവരുമായിരിക്കണമെന്നുള്ള ഏറ്റവും പ്രധാനപ്പെട്ട തത്വങ്ങള്‍ ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ നേതൃത്വമായിരുന്നു ഉമ്മന്‍ചാണ്ടിയുടെത്. പൊതുസമൂഹത്തിന് പൊതുപ്രവര്‍ത്തകരിലെ വിശ്വാസം ഉയര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം കൊണ്ട് സാധിച്ചു.
മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കണ്ണൂരില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഞാനും കൂടെയുണ്ടായിരുന്നു. കല്ലുകൊണ്ട് ഏറുകൊള്ളുമ്പോഴും,പരിക്കേല്‍ക്കുമ്പോഴും ജനങ്ങളുടെ പരാതി വായിച്ചു അപേക്ഷകള്‍ കുറിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അന്ന് ആക്രമിക്കാന്‍ നേതൃത്വം കൊടുത്ത സി ഒ ടി നസീറിനെ ചിരിയോടെ ഒരു പരിഭവവും ഇല്ലാതെ സ്വീകരിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ ഇന്ത്യയിലെ അത്യപൂര്‍വ്വ വിസ്മയമാണ്. കല്ലെറിഞ്ഞവരോട് ക്ഷമിക്കുവാനും രാഷ്ട്രീയത്തില്‍ പകയല്ല സ്‌നേഹവും ആര്‍ദ്രതയുമാണ് വേണ്ടതെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയും ചെയ്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വികസനം നടന്ന വര്‍ഷം ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴാണ്. കൊച്ചിന്‍ മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് ഉമ്മന്‍ചാണ്ടി.
ഭരണാധികാരി ഒരു കെട്ടിടത്തില്‍ മാത്രം നില്‍ക്കലല്ല മറിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി അവരുടെ വേദനകള്‍ അറിയില്‍ കൂടിയാണ് ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വം എന്ന് ജനസമ്പര്‍ക്ക പരിപാടിയിലൂടെ അദ്ദേഹം കേരളത്തിലെ പൊതുസമൂഹത്തിന് കാണിച്ചുകൊടുത്ത നേതാവായിരുന്നു അദ്ദേഹമെന്നും സിദ്ധിഖ് പറഞ്ഞു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. ബി സുരേഷ് ബാബു, ടി ഉഷാകുമാരി, മായ പ്രദീപ്, താരീഖ് കടവന്‍, ഒ ഭാസ്‌കരന്‍, എന്‍ കെ ജ്യോതിഷ് കുമാര്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ ടി നിസാം, വര്‍ഗീസ് നെന്മേനി, കെ കെ രാജേന്ദ്ര ന്‍, സി എ ഗോപി, കെ വി ഷിനോജ്, കെ അജിത, ശ്രീനിവാസന്‍ തൊവരിമല, നജീബ് പിണങ്ങോട്, പി എന്‍ ശിവന്‍, ജിനി തോമസ്, ജയമുരളി, സി എ അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, എസ് മണി, കെ യു മാനു, ആര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.