
ന്യൂഡൽഹി: അടുത്ത അധ്യയന വർഷം 9ാം ക്ലാസ് വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് അസസ്മെൻറ് നടപ്പിലാക്കാൻ തീരുമാനവുമായി സി.ബി.എസ്.ഇ. എൻ.സി.എഫ്.എസ്.ഇ 2013 മിനിട്ട് പ്രകാരം ഓർമ ശക്തി അളക്കുന്ന പരീക്ഷാ സംവിധാനത്തിൽ നിന്ന് മത്സരാധിഷ്ഠത പഠനം കൊണ്ടുവരിക എന്ന ആശയമാണ് പുതിയ തീരുമാനത്തിനു പിന്നിൽ.
പുതിയ പരീക്ഷാ പരിഷ്കാരത്തിന് കരിക്കുലം കമിറ്റിയുടെയും ഗവേണിങ് ബോഡിയുടെയും അംഗീകാരം ലഭിച്ചു. അധ്യയന വർഷത്തിൽ ഓരോ ടേമിലും നടക്കുന്ന മൂന്ന് പരീക്ഷകളിലാണ് ഓപ്പൺ ബുക്ക് അസസ്മെൻറ് സംവിധാനം നടപ്പിലാക്കുന്നത്. അധിക വായനാ സാമഗ്രികൾ ഒഴിവാക്കി കരിക്കുലത്തിൽ ക്രോസ് കട്ടിങ് സംവിധാനം കൊണ്ടു വരുന്നതിൻറെ ഭാഗമായാണ് പുതിയ പരിഷ്കാരം.
ഓപ്പൺ ബുക്ക് അസസ്മെൻറ് സങ്കൽപ്പത്തിൽ അധ്യാപകർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. കുട്ടികളിൽ വിമർശനാത്മക ചിന്ത വളരാൻ ഇത് സഹായിക്കുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. പരീക്ഷയുടെ ഗുണനിലവാരം സംരക്ഷിക്കുന്നതിന് മാതൃകാ പരീക്ഷാപേപ്പറുകളും നിർദേശങ്ങളും വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ നൽകും.
പുതിയ പരീക്ഷാ രീതി വിദ്യാർഥികളിൽ പരീക്ഷാ സമ്മർദ്ദം കുറക്കുകയും പ്രായോഗിക ജ്ഞാനം വർധിപ്പിക്കുകയും ആശയം മനസ്സിലാക്കാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ബോർഡിൻറെ പ്രതീക്ഷ.