+

'ഓപ്പറേഷന്‍ സിന്ദൂര്‍ വെറും 'ഷോ ഓഫ്', നാല് വിമാനം ചുമ്മാ പോയിവന്നു'; കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ എവിടെയെന്നും മഞ്ജുനാഥ് ചോദിച്ചു.

പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ സംശയിച്ച് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കോതൂര്‍ ജി മഞ്ജുനാഥ്. എന്താണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഉണ്ടായത് എന്നും എല്ലാം വെറും ഷോ ഓഫ് മാത്രമായിരുന്നു എന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.
'ഒന്നും നടന്നിട്ടില്ല. ഷോ ഓഫ് കാണിക്കാനായി നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മനുഷ്യര്‍ക്ക് അത് മതിയാകുമോ? കൊല്ലപ്പെട്ടവരുടെ വിധവകള്‍ക്ക് നമ്മള്‍ ഇങ്ങനെയാണോ പരിഹാരം നല്‍കുക? ഇതാണോ അവരോട് ബഹുമാനം കാണിക്കേണ്ട രീതി' എന്നാണ് മഞ്ജുനാഥ് ചോദിച്ചത്.


പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ എവിടെയെന്നും മഞ്ജുനാഥ് ചോദിച്ചു. 'ഓപ്പറേഷനില്‍ 100 തീവ്രവാദികളെ കൊന്നുവെന്ന് സര്‍ക്കാരിന് സ്ഥിരീകരിക്കാനായോ? നുഴഞ്ഞുകയറി വന്ന് ആക്രമണം നടത്തിയ ഭീകരര്‍ ആരാണ്? എന്തുകൊണ്ടാണ് അതിര്‍ത്തിയില്‍ സുരക്ഷാ ഇല്ലാതിരുന്നത്? എങ്ങനെയാണ് തീവ്രവാദികള്‍ രക്ഷപ്പെട്ടത്? നമ്മള്‍ തീവ്രവാദത്തിന്റെ അടിവേരടക്കം പിഴുതെറിഞ്ഞ്, അവരെ ഇല്ലാതെയാക്കണം'; മഞ്ജുനാഥ് പറഞ്ഞു. പഹല്‍ഗാമിലേത് ഇന്റലിജന്‍സ് പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്താന്‍ ഭീകര ക്യാമ്പുകളെ ഇന്ത്യ തകര്‍ത്തതിനെയും മഞ്ജുനാഥ് ചോദ്യം ചെയ്തു. 'എവിടെയാണ് നമ്മള്‍ അവരെ അടിച്ചത്? പല ചാനലുകളും പലതാണ് പറയുന്നത്. ആരോക്കെയാണ് മരിച്ചത്? ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമെവിടെ'; മഞ്ജുനാഥ് ചോദിച്ചു. എല്ലാ തരം യുദ്ധത്തിനും താന്‍ എതിരാണെന്നും ഇങ്ങനെയല്ല പരിഹാരം കാണേണ്ടത് എന്നും മഞ്ചുനാഥ് അഭിപ്രായപ്പെട്ടു.

facebook twitter