ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നിർവഹിച്ചു; ദൗത്യങ്ങൾ ഇപ്പോഴും തുടരുന്നു - വ്യോമസേന

02:24 PM May 11, 2025 | Kavya Ramachandran

ന്യൂഡല്‍ഹി:  പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചുവെന്ന് വ്യോമസേന. ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് സേനയുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണം.

'ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വ്വഹിച്ചിരിക്കുന്നു. ദേശീയ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യസ്വഭാവത്തോടെയുമാണ് ഓപ്പറേഷനുകള്‍ നടത്തപ്പെട്ടത്. ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ ഒരു വിവരണം യഥാസമയം നല്‍കുന്നതായിരിക്കും. അഭ്യൂഹങ്ങളില്‍ നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ഏവരും വിട്ടുനില്‍ക്കണമെന്ന് IAF അഭ്യര്‍ത്ഥിക്കുന്നു' വ്യോമസേനയുടെ എക്‌സില്‍ കുറിച്ചു.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം നടന്നു വരികയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സേനാ മേധാവികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.