കമല്‍ ഹാസനും മണി രത്നവും നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ തഗ് ലൈഫ് പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ജൂണ്‍ 5 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ഒരു മാസം പൂര്‍ത്തിയാവുംമുന്‍പേ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാവും. റിലീസ് ദിനത്തില്‍ ആദ്യ ഷോകള്‍ മുതല്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്ന ചിത്രമാണ് ഇത്. ഒടിടിയില്‍ ചിത്രം അഭിപ്രായം മാറ്റുമോ എന്നാണ് അണിയറക്കാര്‍ ഉറ്റുനോക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 97.44 കോടിയാണ്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷന്‍ 48.16 കോടിയും ഗ്രോസ് 56.24 കോടിയും. തമിഴിന് പുറമെ ചിത്രത്തിന്‍റെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ക്കും തിയറ്റര്‍ റിലീസ് ഉണ്ടായിരുന്നു.
സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എ ആര്‍ റഹ്‍മാനൊപ്പം മണിരത്നത്തിന്‍റെ മറ്റൊരു പതിവ് സഹപ്രവർത്തകനായ എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തില്‍ ഒരുമിച്ചിരുന്നു. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.