പി.ജയചന്ദ്രൻ്റെ പാട്ടുകൾ തലമുറകൾ ഏറ്റുവാങ്ങും: എം.വി ഗോവിന്ദൻ

09:31 AM Jan 10, 2025 | AVANI MV

കണ്ണൂർ: മലയാളി മനസുകളില്‍ ഭാവസാന്ദ്രമായ പാട്ടുകള്‍ നിറച്ച ഗായകനായ പി ജയചന്ദ്രന്റെ നിര്യാണത്തില്‍  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചിച്ചു. സംഗീതാരാധാകര്‍ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു അദ്ദേഹം. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

പ്രണയവും വിരഹവുമെല്ലാം ഭാവപൂര്‍ണമായ ശബ്ദത്താല്‍ അദ്ദേഹം അനശ്വരമാക്കി. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമായി പലകുറി അദ്ദേഹത്തെ തേടിയെത്തി. അനുരാഗ ഗാനം പോലെയും മഞ്ഞലയില്‍ മുങ്ങി തോര്‍ത്തിയും അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇനിയും തലമുറകള്‍ ഏറ്റുപാടും.മാഞ്ഞുപോകാത്തെതാരു പാട്ടോര്‍മയായി ഭാവഗായകന്‍ എക്കാലവും സംഗീതാരാധകരുടെ മനസില്‍ നിറയും.

 അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കും ഭാവസാന്ദ്രമായ പാട്ടുകള്‍ക്കും മരണമില്ല. പി ജയചന്ദ്രന്റെ നിര്യാണത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന കുറിപ്പിൽ പറഞ്ഞു.