ന്യൂഡൽഹി : ഇന്ത്യൻ കപ്പലുകൾ തുറമുഖങ്ങളിൽ വിലക്കി പാകിസ്താൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് കപ്പലുകൾ ഇന്ത്യയും വിലക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നായിരുന്നു കേന്ദ്രസർക്കാർ പാകിസ്താൻ കപ്പലുകൾ വിലക്കിയത്.
ഇന്ത്യൻ വിലക്കിന് മണിക്കൂറുകൾക്കകം തന്നെയാണ് പാകിസ്താനും തീരുമാനം പ്രഖ്യാപിച്ചത്. അയൽ രാജ്യം സ്വീകരിച്ച നടപടിയെ തുടർന്ന് മാരിടൈം പരമാധികാരവും സാമ്പത്തിക താൽപര്യങ്ങളും ദേശീയ സുരക്ഷയും മുൻനിർത്തി ഇന്ത്യൻ കപ്പലുകൾ പാകിസ്താൻ തുറമുഖങ്ങളിൽ വിലക്കുകയാണ്. പാക് കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിലേക്കുള്ള പ്രവേശനവും വിലക്കുകയാണെന്ന് പാകിസ്താൻ അറിയിച്ചു. ചില കപ്പലുകൾ ഇളവ് അനുവദിക്കുന്നതിൽ തുടർ ചർച്ചയുണ്ടാകുമെന്നും പാകിസ്താൻ അറിയിച്ചു.
അതേസമയം, കപ്പലുകൾ വിലക്കിയ നടപടിയെ ന്യായീകരിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രകോപനപരമായ നടപടികളാണ് ഇന്ത്യ തുടരുന്നതെന്ന് ഷഹബാസ് ശരീഫ് പറഞ്ഞു. ഭീകരാക്രമണത്തിൽ ഇന്ത്യക്കെതിരെ തെറ്റായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പാകിസ്താനിൽ നിന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായ മുഴുവൻ ഇറക്കുമതിയും നിരോധിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ അറിയിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്താനെതിരെ ഇന്ത്യ കർശന നടപടികൾ സ്വീകരിച്ചത്.