പാലക്കാട് : കഴിഞ്ഞ ദിവസം ഫിഷ് മാര്‍ക്കറ്റിന് സമീപം വെച്ച് 148.15 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വളാഞ്ചേരി വലിയകുന്ന് പള്ളിയാലില്‍ വീട്ടില്‍ മുഹമ്മദ് ബജാസിനെയാണ് ഇന്നലെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ റബിയുല്‍ മാലിനിനെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ക്ക് ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എ. കൊണ്ട് വരുന്നതിന് സഹായം ചെയ്ത് കൊടുക്കുന്ന ആളായ മുഹമ്മദ് ബജാസിനെ കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പരിശോധിച്ച് വരികയാണെന്നും ലഹരി വില്പനയും ഉപയോഗവും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി ആര്‍. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ അംഗങ്ങളായ പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പത്മരാജന്‍, എസ്.ഐ കെ. മ ണികണ്ഠന്‍, പ്രൊബേഷന്‍ എസ്.ഐ കെ. ശീരാഗ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.