പാലക്കാട് ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതി റിമാന്‍ഡില്‍

11:50 AM Apr 26, 2025 | AVANI MV

പാലക്കാട്:  ഭാര്യയുടെ മാതാപിതാക്കളെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. മേപ്പറമ്പ് മിഷന്‍ കോമ്പൗണ്ടില്‍ താമസിക്കുന്ന റിനോയ് മോസസിനെ (39)യാണ് മംഗലാപുരത്തു നിന്നും പിടികൂടിയത്. കഴിഞ്ഞ 21 ന് രാവിലെ 11 മണിക്ക് പിരായിരി ഇന്ദിരാ നഗറില്‍ താമസിക്കുന്ന ടെറി ജോണ്‍, മോളി ടെറി എന്നിവരെയാണ് റിനോയ് ഗുരുതരമായി വെട്ടിപരുക്കേല്‍പ്പിച്ചത്.ഭാര്യ രേഷ്മയുമായി അകന്നു കഴിയുന്ന പ്രതി ഭാര്യ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് എത്തിയത്. 

എന്നാല്‍ ഇയാള്‍ എത്തുമ്പോള്‍ ഭാര്യയുടെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് അവരുമായി വാക്കേറ്റമുണ്ടായി. അതിനിടെ പ്രത്യേകം ഉണ്ടാക്കിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് ടെറിയേയും മോളിയേയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

സംഭവ ശേഷം ഷൊര്‍ണൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ട പ്രതി മംഗലാപുരത്ത് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു വരവെയാണ് നോര്‍ത്ത് പോലീസ് പിടികൂടിയത്. ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. ഗോപാലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. വിജയരാഘവന്‍, എ.എസ്.ഐ കെ.ബി. കലാധരന്‍, എസ്.സി.പി.ഒമാരായ കെ.പി. മനീഷ്, കെ. സുധീര്‍, ടി.ആര്‍. പ്രദീപ്, ശരത് ബാബു, എസ്. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.