+

പറഞ്ഞത് യാഥാര്‍ഥ്യം; കേസ് വന്നാല്‍ നേരിടുമെന്ന് മാങ്കൂട്ടത്തില്‍

പെസഹ അപ്പവുമായി അരമനയിലേക്ക് പോയില്ലെങ്കിലും ബി.ജെ.പിക്കാര്‍ പിച്ചാത്തിയുമായി പോകാതിരുന്നാല്‍ മതിയെന്ന് പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പെസഹ അപ്പവുമായി അരമനയിലേക്ക് പോയില്ലെങ്കിലും ബി.ജെ.പിക്കാര്‍ പിച്ചാത്തിയുമായി പോകാതിരുന്നാല്‍ മതിയെന്ന് പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. കലാപാഹ്വാനം നടത്താതെ യാഥാര്‍ഥ്യം മാത്രമാണ് പറഞ്ഞത്. ഇതില്‍ ഉറച്ച് നില്‍ക്കുന്നു. കേസെടുക്കുന്നുണ്ടെങ്കില്‍ എടുക്കട്ടെ അതിനെ ധൈര്യമായി നേരിടും.

ക്രൈസ്തവരെ തുടര്‍ച്ചയായി ആക്രമിക്കുന്ന ബി.ജെ.പിക്കാരാണ് ആയുധം താഴെ വയ്‌ക്കേണ്ടതെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയുടെ ഇപ്പോഴത്തെ ക്രൈസ്തവ സ്‌നേഹം കാപട്യമാണ്. ക്രൈസ്തവ സഭയുടെ വരുമാനവും വിശ്വാസവും കവരുന്ന നിലപാടാണ് ബി.ജെ.പി കൈക്കൊള്ളുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കൊലക്കേസ് പ്രതി തനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും കേസെടുക്കാത്ത പോലീസാണ് പാലക്കാടുള്ളത്. സംഘപരിവാര്‍ വിധേയത്വമുള്ള പോലിസുകാര്‍ ഇവര്‍ക്കിടയിലുണ്ട്.

സമാധാനത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവരെ ചോദ്യം ചെയ്യുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു. സര്‍. ചേറ്റൂരിനെ ബി.ജെ.പി ഇപ്പോള്‍ അനുസ്മരിക്കാന്‍ തയ്യാറായത് ആശയദാരിദ്ര്യം കൊണ്ടാണെന്നും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരു നേതാവിനെ പോലും ചൂണ്ടിക്കാണിക്കാന്‍ ബി.ജെ.പിക്കോ, ആര്‍.എസ്.എസിനോ കഴിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Trending :
facebook twitter