പാലക്കാട്: വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൂംബ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ്. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ്, എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളിലെ അദ്ധ്യാപകനായ ടി.കെ. അഷ്‌റഫിനോട് മാനേജ്‌മെന്റ് വിശദീകരണം തേടിയത്. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയാണ് അഷ്‌റഫ്. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ഇക്കാര്യം കാണിച്ച് മാനേജ്‌മെന്റ് പ്രതിനിധി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് കത്ത് നല്‍കി. കത്ത് ഉപജില്ല വിദ്യാഭ്യസ ഓഫീസര്‍ ഡി.ഡി.ഇയ്ക്ക് കൈമാറും. വിശദീകരണം കേട്ട ശേഷം നടപടിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അഷറഫിനെതിരെ നടപടി എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയത്. 24 മണിക്കൂറിനകം നടപടി എടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. താന്‍ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണെന്നും ആണ്‍പെണ്‍ കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ലെന്നുമായിരുന്നു അഷറഫിന്റെ വാദം.