പാലക്കാട്: കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. ഞായര്‍ വൈകീട്ടായിരുന്നു കുണ്ടമ്പലത്തിന് സമീപത്തുവെച്ച് സംഘര്‍ഷമുണ്ടായത്. അമ്പലത്തില്‍ എത്തിയ യുവതിയോട് പൂ വേണോ എന്ന് പൂകച്ചവടക്കാരായ യുവാക്കള്‍ ചോദിച്ചതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം ഉടലെടുത്തതെന്ന് പോലീസ് പറഞ്ഞു.
വ്യാപാരികളായ തോണിപ്പാളയം സ്വദേശി വിഷ്ണു (22), സുന്ദരം കോളനി സ്വദേശികളായ ഷാജി (29), ഷമീര്‍ (31) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ആക്രമണം നടത്തിയ മുണ്ടൂര്‍ സ്വദേശി അഭിമന്യുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കളായ സുമേഷ്, രാജേഷ് എന്നിവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി ടൗണ്‍ നോര്‍ത്ത് പോലീസ് അറിയിച്ചു.