'പലസ്തീനെ രാജ്യമായി അംഗീകരിക്കും' ; ഫ്രാന്‍സ്

07:11 AM Jul 25, 2025 |


പലസ്തീന്‍ പ്രശ്‌നത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വച്ച് ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനര്‍ നിര്‍മ്മിക്കുകയും വേണമെന്നും എക്‌സില്‍ കുറിച്ചു. ഇസ്രയേലിനെ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീന്‍ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.