കൊട്ടിയൂർ: മറ്റു ക്ഷേത്രങ്ങളുടേതുപോലെ തലയെടുപ്പുള്ള കെട്ടിടമോ കൊത്തുപണികളുള്ള ചുറ്റമ്പലമോ ഒന്നുമില്ലാത്ത കൊട്ടിയൂർ വൈശാഖോത്സവത്തിൽ പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളാണ് ഒഴുകിയെത്തുന്നത് .കൊട്ടിയൂരിലെ ബാവലി തീരത്ത് അടിവസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും ഉപേക്ഷിച്ച് കൊട്ടിയൂരിന്റെ പവിത്രത ഇല്ലാതാക്കുന്നതായി പരാതി .
അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ആളുകൾ ആണ് ഇത്തരത്തിലുള്ള പ്രവർത്തി കൂടുതലും ചെയ്യുന്നതെന്നും മുൻവർഷങ്ങളിൽ കാണാത്ത തരത്തിലുള്ള അവസ്ഥയാണ് ഇപ്പോൾ കൊട്ടിയൂരിലുള്ളതെന്നും എന്ന് ഭക്തജനങ്ങൾ പറയുന്നു .
ശബരിമലയിലെ പുണ്യനദിയായ പമ്പയിൽ ചെയ്യുന്നതുപോലെ തന്നെ പുണ്യ നദിയായ ബാവലി പുഴയിലും വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നത് പതിവാകുന്നു .അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ പഴകിയ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ഉപേക്ഷിച്ച് ബാവലി തീരത്തെ മലിനമാക്കുകയാണെന്ന പരാതി വ്യാപകമാകുന്നു .
കൊട്ടിയൂർ എന്നാൽ പ്രകൃതിയുടെ ഉത്സവമായാണു അറിയപ്പെടുന്നത്. മുൻ വർഷങ്ങളിലൊന്നും കാണാത്ത രീതിയിലാണ് ബാവലി പുഴയിലും പരിസരപ്രദേശങ്ങളിലും അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ വ്യാപകമായി വലിച്ചെറിഞ്ഞിരിക്കുന്നത്. അടിവസ്ത്രങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെയാണ് മന്നംചേരിയിലെ ഭാവലിതീരത്ത് കാണാൻ സാധിക്കുന്നത്.
കഴിഞ്ഞ ദിവസം സന്നിധാനത്തെ തിരുവഞ്ചിറയിൽ ചെരുപ്പ് ഉപേക്ഷിച്ചിരുന്നു. കൊട്ടിയൂരിന്റെ പവിത്രതയാണ് ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ കൊണ്ട് ഇല്ലാതെയാകുന്നത് എന്ന് ദർശനത്തിനെത്തിയ ഭക്തർ പറഞ്ഞു. തിരുവഞ്ചിറയിലും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നുണ്ട്. ഏത് ദേശക്കാരായാലും ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടുത്തെ സംസ്കാരം അനുസരിച്ച് പെരുമാറണം എന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യം വലിച്ചെറിയുന്നത് ഇല്ലാതാക്കാൻ ദേവസ്വം അധികൃതർ അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും നാട്ടുകാർ പറയുന്നു