പാമ്പൻ പാലത്തിൽ കപ്പൽ കടന്നുപോകാനായി ഉയർത്തിയ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ താഴ്ത്താനായില്ല ; ഉദ്ഘാടനത്തിന് പിന്നാലെ പുതിയ സാങ്കേതിക തകരാർ

07:36 PM Apr 06, 2025 | Neha Nair

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ പാലത്തിന് ഉദ്ഘാടനത്തിന് പിന്നാലെ സങ്കേതിക തകരാർ. കപ്പൽ കടന്നുപോകാനായി ഉയർത്തിയ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ താഴ്ത്താനാവാത്തത് അധികൃതരെ കുഴച്ചു. അടിയന്തര അറ്റകുറ്റപ്പണിയിലൂടെ പ്രശ്നം പരിഹരിച്ചെങ്കിലും കൂടുതൽ പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചതിനു പിന്നാലെയാണ് തകരാർ റിപ്പോർട്ട് ചെയ്തത്.

പാലത്തിലൂടെയുള്ള രാമേശ്വരം-താംബരം (ചെന്നൈ) എന്ന പുതിയ ട്രെയിൻ സർവിസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് തീരസംരക്ഷണ സേനയുടെ ചെറുകപ്പൽ കടന്നുപോകാനായി പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തുകയും ചെയ്തു. എന്നാൽ കപ്പൽ കടന്നുപോയ ശേഷം ലിഫ്റ്റ് സ്പാൻ താഴ്ത്താൻ കഴിഞ്ഞില്ല.