ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം പാണക്കാട് തങ്ങള്‍ കേക്ക് മുറിച്ചു, മുസ്ലിം ധര്‍മ ശാസ്ത്രത്തിന് വിരുദ്ധമെന്ന് സമസ്ത നേതാവ്

01:44 PM Jan 11, 2025 | Suchithra Sivadas

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ക്രിസ്മസ് ആഘോഷങ്ങളില്‍ തങ്ങള്‍ പങ്കെടുത്തതിനാണ് വിമര്‍ശനം. ഇതര മതങ്ങളുടെ ആചാരങ്ങളുടെ ഭാഗമാകുന്നത് മുസ്ലിം ധര്‍മ ശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് വിമര്‍ശനം.

സാദിഖലി തങ്ങള്‍ ക്രൈസ്തവ പുരോഹിതന്മാര്‍ക്കൊപ്പം കേക്ക് മുറിച്ചു കഴിച്ചിരുന്നതിനെയാണ് വിമര്‍ശിച്ചത്. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുമെന്ന് സന്ദര്‍ശനത്തിന് ശേഷം തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഇതര മതങ്ങളുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണ്. ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധചേരിയിലാണ് ഹമീദ് ഫൈസി അമ്പലക്കടവ്. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലുമൊത്ത് തങ്ങള്‍ കേക്ക് മുറിച്ചുള്ള ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

ജമാഅത്ത് ഇസ്ലാമിയെയും പിഎംഎ സലാമിനെയും ഹമീദ് ഫൈസി അമ്പലക്കടവ് വിമര്‍ശിക്കുന്നുണ്ട്. പിഎംഎ സലാം മുസ്ലിംലീഗിലേക്ക് തിരിച്ചെത്തിയതിനു പിന്നിലും ചരട് വലിച്ചത് ജമാഅത്തെ ഇസ്ലാമിയെന്നാണ് കുറ്റപ്പെടുത്തല്‍. സമസ്തയില്‍ ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറി. മുസ്ലീംലീഗിനും സമസ്തക്കും ഇടയില്‍ ജമാഅത്തെ ഇസ്ലാമി വിള്ളലുണ്ടാക്കിയെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വിമര്‍ശിച്ചു.