തിരുവനന്തപുരം: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) 55-ാമത് വാര്‍ഷിക യോഗത്തിന്റെ ഭാഗമായുള്ള ഇന്ത്യ പവലിയനില്‍ ഡീപ് ടെക്, ബയോ ടെക്, ഇ-ഗവേണന്‍സ് എന്നീ വിഷയങ്ങളില്‍ ഫലപ്രദമായ പാനല്‍ ചര്‍ച്ചകള്‍ നടത്തി കേരളം.
കേരളത്തെ ഡീപ്ടെക് ഹബ്ബായി സ്ഥാപിക്കല്‍ എന്ന പ്രമേയത്തില്‍ നടന്ന സെഷനില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് സംസാരിച്ചു. ആരോഗ്യ സംരക്ഷണം, സ്പെയ്സ്ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഡീപ്ടെക് നവീകരണത്തില്‍ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളും കേരളത്തിന്റെ സംഭാവനകളും സെഷനില്‍ ചര്‍ച്ചയായി.
പുതിയ ആശയങ്ങളോടുള്ള ആഭിമുഖ്യവും തന്ത്രപരമായ ആഗോള പങ്കാളിത്തങ്ങളും ഡീപടെക് ഉള്‍പ്പെടെയുള്ള മേഖലകളിലെ മുന്നേറ്റത്തിന് ശക്തമായ അടിത്തറ പാകാന്‍ കേരളത്തെ സഹായിച്ചതായി ശാരദ മുരളീധരന് പറഞ്ഞു. സുസ്ഥിര വളര്‍ച്ചയ്ക്കുള്ള നൂതന നയങ്ങള്‍ രൂപീകരിക്കുന്നതിലും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലും സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡബ്ല്യുഇഎഫില്‍ പങ്കെടുക്കുന്നതിലൂടെ ഡീപ്ടെക് നവീകരണത്തിലെ സാധ്യതകള്‍ പ്രദര്‍ശിപ്പിച്ച് ആഗോള ശ്രദ്ധ നേടാനും സഹകരണത്തിനുള്ള വഴി തുറക്കാനും കേരളത്തിന് സാധിച്ചതായും അവര്‍ പറഞ്ഞു.
ഗവേഷണാധിഷ്ഠിത നവീകരണത്തോടുള്ള സംസ്ഥാനത്തിന്റെ സമീപനത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് പ്രശംസിച്ചു. വെല്ലുവിളികളെ നേരിടാന്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കേരളത്തിന്റെ ദീര്‍ഘവീക്ഷണ മനോഭാവത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണനിര്‍വ്വഹണ, സേവന വിതരണ പ്രക്രിയകള്‍ പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക് മാറുമ്പോള്‍ തെറ്റായ വിവരങ്ങള്‍ക്കെതിരെ സുരക്ഷാ നടപടികള്‍ തീര്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഇ-ഗവേണന്‍സ് സംബന്ധിച്ച് എച്ച്സിഎല്‍ കമ്പനി പവലിയനില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പറഞ്ഞു.
എച്ച്സിഎല്‍ സോഫ്റ്റ് വെയര്‍ ചീഫ് റവന്യൂ ഓഫീസര്‍ രാജീവ് ശേഷ്, റൈസ്ബര്‍ഗ് വെഞ്ച്വേഴ്സ് ഫൗണ്ടിങ് പാര്‍ട്ണര്‍ അങ്കിത് ആനന്ദ്, സമ്മിറ്റ് ക്യാപിറ്റലിന്റെ ജനറല്‍ പാര്‍ട്ണര്‍ ഐറിസ് ഡുവാന്‍, ടെക്നോസര്ജ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ കേശവ് ഡാഗ, എച്ച്സിഎല്‍ സോഫ്റ്റ്വെയര് ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ കല്യാണ്‍ കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. യുഎന്ഡിഎസിയിലെ ഗ്ലോബല്‍ സ്ട്രാറ്റജി ലീഡ് ഡോ. സബീന്‍ കപാസി മോഡറേറ്ററായി.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി ഉയര്‍ന്നുവന്നതോടെ കേരളം ഇക്കാര്യത്തില്‍ ശക്തമായ മാതൃക സൃഷ്ടിച്ചുവെന്ന് ജയതിലക് പറഞ്ഞു. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെയാണ് ആദ്യത്തെ ഇ-സാക്ഷരതാ സംസ്ഥാനം എന്ന നേട്ടത്തിലേക്ക് കേരളം എത്തിയത്. 2002 ല്‍ അക്ഷയ പ്രോജക്ടും ഐടി@സ്കൂള്‍ പ്രോഗ്രാമും ആരംഭിച്ചതോടെയാണ് സംസ്ഥാനത്ത് ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയ ആരംഭിച്ചത്.
സോഷ്യല്‍ മീഡിയ വഴി സര്‍ക്കാരിനെതിരെയും ഭരണ നിര്വ്വഹണത്തിനെതിരെയും പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളുടെ വിവരങ്ങളോ കൃത്യതയോ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഫാക്ട് ചെക്ക് പോര്‍ട്ടല്‍ കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിനുണ്ടെന്ന് ജയതിലക് ചൂണ്ടിക്കാട്ടി. 'സ്റ്റേ സേഫ് ഓണ്‍ലൈന്‍' എന്ന കാമ്പയിനിന്റെ ഭാഗമാണിത്. സര്‍ക്കാരിന്റെ നയരൂപീകരണത്തിലും സേവന വിതരണ പ്രക്രിയകളിലും ജനങ്ങളില്‍നിന്നും ബന്ധപ്പെട്ട പങ്കാളികളില്‍ നിന്നുമുള്ള അഭിപ്രായ ശേഖരണത്തിനായി കരട് പ്രസിദ്ധീകരിക്കും. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും പുതിയ നയത്തില്‍ ശുപാര്‍ശകള്‍ എങ്ങനെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും നല്‍കുകയും ചെയ്യും.
ഇ-ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി കേരളം 2005 ല്‍ ആദ്യത്തെ സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ സ്ഥാപിച്ചു. 2011-ല്‍ സ്ഥാപിച്ച രണ്ടാമത്തെ എസ്ഡിസിയുടെ സഹായത്തോടെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തി. ഇത് വ്യവസായത്തില്‍ മുന്‍പന്തിയിലുള്ള ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറും കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് (കെഎസ്ഡബ്ല്യുഎഎന്), നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് (എന്‍ഒഎഫ്എന്‍), നാഷണല്‍ നോളജ് നെറ്റ് വര്‍ക്ക് (എന്‍കെഎന്‍) തുടങ്ങിയ കോര്‍ കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചറുകളുടെ മെച്ചപ്പെടുത്തലും നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ഡെലിഗേഷന് പങ്കെടുത്ത മൂന്നാമത്തെ പാനല്‍ ചര്‍ച്ച ബയോടെക്/ഫാര്‍മ മേഖലയെ കുറിച്ചായിരുന്നു. ആഗോളതലത്തില്‍ ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ നല്‍കുന്നതിനായി കേരളത്തിന്റെ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച പാനലില്‍ യില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യ പവലിയനിലാണ് ചര്‍ച്ച നടന്നത്.
ബയോടെക്, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ആഗോള കേന്ദ്രമായി കേരളം ഉയര്‍ന്നുവരികയാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവരോടൊപ്പം ചേര്‍ന്ന് ആരോഗ്യ സംരക്ഷണത്തില്‍ പരിവര്‍ത്തനാത്മക പരിഹാരങ്ങള്‍ക്ക് സംസ്ഥാനം നേതൃത്വം നല്‍കുമെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.
സൂറിച്ചിലെ റൈസ്ബര്‍ഗ് വെഞ്ച്വേഴ്സ് ഫൗണ്ടിങ് പാര്‍ട്ണര്‍ അങ്കിത് ആനന്ദ് മോഡറേറ്ററായി. യുഎന്ഡിഎസി ഗ്ലോബല്‍ സ്ട്രാറ്റജി ലീഡ് ഡോ. സബീന്‍ കപാസി, പെര്‍സിസ്റ്റന്റ് ഗ്രൂപ്പ് ഹെല്‍ത്ത് ടെക് മേധാവി സന്തോഷ് ദീക്ഷിത്, ടെക്നോസര്ജ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ കേശവ് ഡാഗ, സൂറിച്ചിലെ സ്ലീപിസ് പോളിസി ആന്‍ഡ് റെഗുലേറ്ററി വൈസ് പ്രസിഡന്റ് മാര്‍ട്ട സ്റ്റെപിയന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.