സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ റിലീസ് ജൂലൈ 25നായിരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് തീയതിയെപ്പറ്റിയുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗസ്റ്റ് 29 നായിരിക്കും തിയറ്ററുകളിൽ എത്തുക എന്നാണ് വിവരം. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. സിനിമയുടെ ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഗംഭീര വിഷ്വൽസ് ഉള്ള ഒരു പക്കാ റൊമാന്റിക് സിനിമയാകും പരം സുന്ദരി എന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിലെ സോനു നിഗം പാടിയ ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ചിത്രത്തിൻറെ ടീസറിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിലും, സൗത്ത് ഇന്ത്യൻ കഥാപാത്രങ്ങളെ സൂക്ഷ്മതയോടെയും റിയലിസ്റ്റാക്കായും സിനിമ അവതരിപ്പിക്കുമോ എന്നറിയനാണ് കാത്തിരിക്കുന്നത് എന്നാണ് പലരും കമൻറ് ചെയ്യുന്നത്. കേരളത്തിൻറെ പ്രകൃതിഭംഗി മനോഹരമായി ക്യാമറയിൽ പകർത്തുന്ന ചിത്രമാകും എന്ന പ്രതീക്ഷ ടീസർ നൽകുന്നുണ്ടെന്നും കമൻറുകളുണ്ട്.