പരപ്പനങ്ങാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

07:50 PM Jul 14, 2025 | AVANI MV

മലപ്പുറം:  പരപ്പനങ്ങാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. താനൂർ എടക്കടപ്പുറം സ്വദേശി ജുറൈജിൻ്റെ മൃതദേഹം തൃശ്ശൂർ അഴീക്കോട് കടപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്. ജുറൈജിനായി ന്യൂകട്ട് ഭാഗത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് കടപ്പുറത്ത് നിന്ന് മൃതദേഹം ലഭിച്ചത്.

ബന്ധുക്കൾ കൊടുങ്ങല്ലൂർ ആശുപത്രിയിലെത്തി മൃതദേഹം ജുറൈജിന്റേത് എന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബുധനാഴ്ചയാണ് കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ ജുറൈജ് ഒഴുക്കിൽപ്പെട്ടത്. പിന്നാലെ ഫയർഫോഴ്സ്, എൻഡിആർഎഫ് മറ്റ് സന്നദ്ധ സേനകൾ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങിയിരുന്നു. നാല് ദിവസം തെരഞ്ഞിട്ടും ജുറൈജിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ, നേവിയുടെ സേവനവും ജില്ലാ ഭരണകൂടം തേടിയിരുന്നു.