+

തൊണ്ണൂറിലും ചെറുപ്പത്തിൻ്റെ ചുറുചുറുക്കുമായി പരിയാരം മെഡിക്കൽ കോളജിന്റെ സ്വന്തം കൃഷ്ണേട്ടൻ

തൊണ്ണൂറിലും ചെറുപ്പത്തിൻ്റെ ചുറുചുറുക്കുമായി പരിയാരം മെഡിക്കൽ കോളജിന്റെ സ്വന്തം കൃഷ്ണേട്ടൻ

തൊണ്ണൂറിലും ചെറുപ്പത്തിൻ്റെ ചുറുചുറുക്കുമായി പരിയാരം മെഡിക്കൽ കോളജിന്റെ സ്വന്തം കൃഷ്ണേട്ടൻ. ഡോക്ടർമാർക്കും ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരിചിതനും പ്രിയങ്കരനുമായ കൃഷ്ണേട്ടൻ ഇവിടെയെത്തിയിട്ട് ഏഴ് പതിറ്റാണ്ടോളമായി.പരിയാരം മെഡിക്കൽ കോളജിൽ എത്തുന്നവർക്ക് ഏറെ സുപരിചിതനാണ് കടന്നപ്പള്ളി തെക്കേക്കര സ്വദേശി എം.വി കൃഷ്ണേട്ടൻ. 1948 ൽ പരിയാരത്ത് ആരംഭിച്ച ടി.ബി സാനിറ്റോറിയത്തിൽ ജീവനക്കാരുടെ സഹായിയായിരുന്നു കൃഷ്ണേട്ടന്റെ തുടക്കം.

പിന്നീട് ഇത് സർക്കാർ ഏറ്റെടുത്തപ്പോഴും കൃഷ്ണേട്ടൻ അവിടെത്തന്നെ ഉണ്ടായിരുന്നു. 1985 സഹകരണ മേഖലയിൽ മെഡിക്കൽ കോളജ് തുടങ്ങിയപ്പോഴും പിന്നീട് സർക്കാർ ഏറ്റെടുത്തപ്പോഴും കൃഷ്ണേട്ടൻ ഇവിടെ തന്നെ തുടർന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന രോഗികൾക്ക് വഴിയൊരുക്കാൻ കൃഷ്ണേട്ടൻ മുന്നിലുണ്ടാകും. ആശുപത്രിയിലേക്ക് മുഖ്യമന്ത്രിയുൾപ്പെടെ ഏത് ഉന്നതൻ വന്നാലും സ്വീകരിക്കാൻ മുൻനിരയിലുണ്ടാകും. അവിവാഹിതനായ കൃഷ്ണേട്ടന്റെ കൂടും കുടുംബവും എല്ലാം പരിയാരം ആശുപതിയാണെന്ന് മെഡിക്കൽ കോളജ് ജീവനക്കാർ പറയുന്നു.

മെഡിക്കൽ കോളജ് വരാന്തയിലാണ് കൃഷ്ണേട്ടന്റെ ഉറക്കം. ഉറങ്ങുന്നതിനു മുൻപ് പരിസര നിരീക്ഷണം പതിവാണ്. അനാവശ്യമായി കത്തുന്ന ലൈറ്റുകൾ അണച്ചതിനു ശേഷമേ ഉറങ്ങുകയുള്ളു. പുലർച്ചെ 4 മണിയോടെ ഉണർന്ന് മെഡിക്കൽ കോളജിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ക്ഷേത്രക്കുളത്തിൽ പോയി കുളിച്ചു തിരിച്ച് ആശുപത്രിയിലേക്കു കാൽ നടയായി എത്തും. പിന്നീട് ഒരു കാര്യസ്ഥൻ്റെ റോളിൽ മെഡിക്കൽ കോളജിൻ്റെ എല്ലാ കോണിലും എത്തി അന്വേഷണം. കൃഷ്ണേട്ടന് ഭക്ഷണം ആശുപ്രതിയിലെ ഹോട്ടലിൽ സൗജന്യമാണ്.  88 വയസ്സിൽ കോവിഡ് ബാധിച്ചിട്ടും അതിനെ അതിജീവിച്ചതും പലപ്പോഴായി അപകടങ്ങളിൽപ്പെട്ടപ്പോഴുമെല്ലാം അതിനെ അതിജീവിച്ചതും കൃതതയോടെയുള്ള ദിനചര്യയാണെന്നും ഇത് പഠന വിധേയമാക്കണമെന്നും കൃഷ്ണേട്ടനോട് ഏറെ അടുപ്പമുള്ള ജീവനക്കാർ പറയുന്നു.

പരിയാരത്ത് എത്തുന്നവരെ മോണ കാട്ടി പുഞ്ചരിയോടെ സ്വീകരിക്കുന്ന പരിയാരം മെഡിക്കൽ കോളജിൻ്റെ സ്വന്തം കൃഷ്ണേട്ടൻ എല്ലാവരുടെയും പ്രിയങ്കരനാണ്. ആരുമല്ലാതിരുന്നിട്ടും എല്ലാവരുടെയും എല്ലാമായി തീരുകയാണ് കൃഷ്ണേട്ടൻ.

Trending :
facebook twitter