പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ നാലു വയസുകാരന്റെ അപകടമരണത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലംമാറ്റാനും വനംവകുപ്പ് തീരുമാനിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ കടുത്ത അനാസ്ഥയാണ് കോൺക്രീറ്റ് തൂണ് വീണ് കുട്ടി മരിക്കാൻ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
നാലു വയസുകാരന്റെ ജീവനെടുത്ത അനാസ്ഥയിലാണ് കടുത്ത നടപടിയുണ്ടായത്. ഇക്കോ ടൂറിസം കേന്ദ്രമായ കോന്നി ആനക്കൂടിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. അനിൽകുമാർ, സുരക്ഷ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സലീം, സതീഷ്, സജിനി , സുമയ്യ, ഷാജി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവർവേറ്റർ നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്.
കാലപ്പഴക്കം ചെന്ന കോൺക്രീറ്റ് തൂണുകളുടെ സുരക്ഷ ഉറപ്പാക്കിയില്ല. ആനക്കൂടിന്റെ ചുമതലയുള്ള ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നാലു വയസുകാരൻ ചുറ്റിപിടിച്ചപ്പോൾ തന്നെ തൂണ് ഇളകി വീണു. കുട്ടികളടക്കം നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സുരക്ഷയെ തന്നെ ചോദ്യം ചെയ്ത സംഭവത്തിൽ കടുത്ത നടപടി തന്നെ വനംവകുപ്പ് സ്വീകരിച്ചു.