പെരിയ ഇരട്ടക്കൊലപാതക കേസിലെ സ്റ്റേ: കള്ള പ്രചാരവേലകൾക്കേറ്റ തിരിച്ചടിയെന്ന് എം.വി ജയരാജൻ

02:13 PM Jan 08, 2025 | AVANI MV


കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.പി.എം നേതാക്കൾക്ക് പങ്കില്ലെന്ന് കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ശിക്ഷാവിധിയിൽ സ്റ്റേ അനുവദിച്ചതിൽ നിന്നും വ്യക്തമായെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണൂർ ഡിസി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. 

പെരിയ ഇരട്ട കൊലപാതക കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് അന്നേ സി.പി.എം പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരും പീതാംബരനും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് കൊലയിലെത്തിയത്. ഇതിൽ പീതാംബരനെതിരെ പാർട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. കൂട്ടിലിട്ട തത്തയായ സി.ബി.ഐ നേതാക്കൾക്കെതിരെ കെട്ടിച്ചമച്ചതാണ് പെരിയ കേസെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് എം.വി ജയരാജൻ പറഞ്ഞു. 

സജു ജോർജിനെ ജീപ്പിൽ നിന്നും ഇറക്കിയതിനാണ് കുഞ്ഞിരാമനെ വധക്കേസിൽ പ്രതിയാക്കിയത്. ഹൈക്കോടതി വിധി വിഷലിപ്തമായ സി.പി.എം വിരുദ്ധ പ്രചാരവേല നടത്തുന്ന മാധ്യമങ്ങൾക്കും കോൺഗ്രസിനും തിരിച്ചടിയാണെന്നും എം.വി ജയരാജൻ പറഞ്ഞു.