
പാലക്കാട് : ധോണി മുണ്ടൂർ-വേലിക്കാട് റോഡിൽ കാർ കത്തിനശിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന ആൾ വെന്തുമരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വേലിക്കാട് സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ. എന്നാൽ മരിച്ചത് ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീ അണച്ചെങ്കിലും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന ആൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം തീ ആളിപ്പടരുകയായിരുന്നു.
സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറുടമ സംഭവത്തിന് തൊട്ടുമുമ്പ് പെട്രോൾ പമ്പിലെത്തി കുപ്പിയിൽ പെട്രോൾ വാങ്ങിയിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് ആത്മഹത്യാ സംശയം വർദ്ധിപ്പിക്കുന്നത്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരിച്ചറിയുന്നതിനും അപകടകാരണം കൃത്യമായി വ്യക്തമാക്കുന്നതിനും ശാസ്ത്രീയ പരിശോധനകൾ തുടരുകയാണ്.