ന്യൂ ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയില്‍ ഹര്‍ജി. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് വിവരം. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലിലാണ് നിലവില്‍ നിമിഷപ്രിയ. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദിയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.