+

‘​കേരളത്തിനെതിരെ തികച്ചും നിഷേധാത്മകമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്, കേരളം തകരട്ടെ എന്ന മനോഭാവമായിരുന്നു’ : മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിനെതിരെ തികച്ചും നിഷേധാത്മകമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാമൂഴത്തിലെ എൽ.ഡി.എഫ് സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങൾ കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാസർകോട് : ​കേരളത്തിനെതിരെ തികച്ചും നിഷേധാത്മകമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാമൂഴത്തിലെ എൽ.ഡി.എഫ് സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങൾ കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യമായ ഘട്ടങ്ങളിൽ വേണ്ട സഹായം നമുക്ക് ലഭിക്കാതെ പോയി. തീർത്തും നിഷേധാത്മകമായ നിലപാടുകൾ കേന്ദ്രത്തിൽ നിന്നുണ്ടായി. ലഭിക്കുന്ന സഹായം തടയുന്ന അവസ്ഥയുമുണ്ടായി.

കേരളം തകരട്ടെ എന്ന മനോഭാവമായിരുന്നു കേന്ദ്രസർക്കാരിന്റേത്. ഇവയെല്ലാം അതിജീവിച്ച് കേരളം മുന്നേറുകയാണെന്നും ഓരോ മേഖലകളിലും കേരളം മികച്ചതാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തകാലത്ത് നാട് കാണിച്ച ഒരുമയും സർക്കാരിന്റെ പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തകർന്നടിഞ്ഞുകിടന്ന നാടിന്റെ സാരഥ്യമാണ് ജനങ്ങൾ എൽ.ഡി.എഫിനെ ഏൽപ്പിച്ചത്. ഈ നാടിനെ കാലോചിതമായി മാറ്റിത്തീർക്കണം.

മറ്റ് പ്രദേശങ്ങളിൽ ലഭിക്കുന്ന വികസനം ഈ നാടിന് വേണം തുടങ്ങിയ വലിയ ദൗത്യമാണ് ജനങ്ങൾ ഏൽപ്പിച്ചത്. ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ, മാരകമായ പകർച്ചവ്യാധികൾ ഇവയെല്ലാം നാടിന് തകർച്ചയിലേക്ക് നയിക്കും വിധമായിരുന്നു. പക്ഷേ,നമുക്ക് ഇവയെ അതിജീവിച്ചേ മതിയാകുമായിരുന്നുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.

​പ്രതിസന്ധികൾ വന്നപ്പോഴൊക്കെ നമ്മൾ ഒറ്റക്കെട്ടായി അതിനെ നേരിട്ടു. പ്രതിസന്ധികളിൽ തളരാതെ സർക്കാർ മുന്നോട്ട് പോയെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇ.എം.എസ് മത്സരിച്ച് വിജയിച്ച മണ്ണിൽ തന്നെ നാലാം വാർഷികാഘോഷത്തിന് തുടക്കം കുറിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന ‘നവകേരളത്തിൻ്റെ വിജയ മുദ്രകൾ’ എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

facebook twitter