ന്യൂഡൽഹി : ഇന്ത്യ -യു.എസ് ബന്ധം പഴയപടിയാവുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ട്രംപ് ഭരണകൂടം ഇന്ത്യയിൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.
‘കാര്യങ്ങൾ ഉടൻ പഴയപടിയാവുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരിൽ നടന്ന ഉഭയകക്ഷി ചർച്ചകളിൽ ഉരുത്തിരിഞ്ഞത് പോലെ, നവംബറോടെ ഒരു ഉഭയകക്ഷി വ്യാപാര കരാർ രൂപീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ആഗോള നിക്ഷേപക സമ്മേളനം 2025-ൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട അടുത്ത ഘട്ട ചർച്ച ഓഗസ്റ്റ് 25ന് ഡൽഹിയിൽ നടക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യു.എസ് പ്രതിനിധികൾ ഇന്ത്യ സന്ദർശനം മാറ്റിവെച്ചതോടെ പുതുക്കിയ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ പിൻവലിക്കുന്നതടക്കം നടപടികൾ ചർച്ചകൾ തുടരുന്നതിൽ നിർണായകമാണെന്ന് ഇന്ത്യൻ അധികൃതരും വ്യക്തമാക്കുന്നു.
വ്യാപാര മേഖലയിൽ ലോകമെമ്പാടും അസ്ഥിരത നിറഞ്ഞ ഒരു സമയമാണിതെന്ന് ഗോയൽ പറഞ്ഞു. എങ്കിലും നിലവിലെ സാഹചര്യങ്ങൾ വ്യാപാര മേഖലയിൽ പുതിയ ഒട്ടനവധി അവസരങ്ങൾ തുറന്നിടുന്നുണ്ട്.
‘ആഗോളതലത്തിൽ വ്യാപാരമേഖല അസ്ഥിര സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഭാവിയെ കുറിച്ച് ഭയം നിറഞ്ഞ, അസ്ഥിരമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്’, അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ജാഗരൂകമാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
ഇന്ത്യ-യൂറോപ്യൻ യൂനിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഗോയൽ വ്യക്തമാക്കി. കരാറിൽ 13-ാം റൗണ്ട് ചർച്ചകൾ സെപ്റ്റംബർ എട്ടിന് ബ്രസ്സൽസിൽ ആരംഭിക്കും. ഇതിനായി വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ ബ്രസ്സൽസിലുണ്ട്.
അതിർത്തി സംഘർഷങ്ങൾക്ക് അയവ് വന്നതിന് പിന്നാലെ, ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. ഇത് സ്വാഭാവികമായ മാറ്റമാണെന്നും ഗോയൽ പറഞ്ഞു.
ആത്മനിർഭർ ഭാരതത്തോടുള്ള പ്രതിബദ്ധത ഗോയൽ ആവർത്തിച്ചു. അന്താരാഷ്ട്ര വാണിജ്യരംഗത്ത് വാതിലുകൾ കൊട്ടിയടക്കുന്നതിനല്ല, ഏതെങ്കിലും പ്രത്യേക ഭൂവിഭാഗത്തോടുള്ള ആശ്രിതത്വം ഒഴിവാക്കാനാണ് ശ്രമം. ഇതിന് ശക്തമായ തദ്ദേശീയ ഉദ്പാദന വിപണന ശൃംഘലകൾ ആവശ്യമുണ്ട്. ഡ്രോണുകൾ, സെമികണ്ടക്ടറുകൾ, സി.ആർ.ജി.ഒ സ്റ്റീൽ എന്നിവയുൾപ്പെടെ പ്രധാന മേഖലകളിൽ തദ്ദേശീയ ഉൽപ്പാദനം വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ച് വരികയാണെന്നും ഗോയൽ പറഞ്ഞു.