മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ പരോക്ഷമായി ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാന്‍. പി ജെ കുര്യന് കോണ്‍ഗ്രസ് വിട്ട് പുരോഗമന നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുമെന്ന് സജി ചെറിയാന്‍ പറഞ്ഞു. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ പി ജെ കുര്യന് ഇനിയും സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും ആത്മാഭിമാനമുളള ഒരാള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നും സജി ചെറിയാന്‍ പറഞ്ഞു. പി ജെ കുര്യന്റെ വിമര്‍ശനം കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളെ തുറന്നുകാട്ടുന്നതാണെന്നും വിമര്‍ശനത്തെ വ്യക്തിപരമായി ആക്രമിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പദവികള്‍ക്കുവേണ്ടി മുതിര്‍ന്ന നേതാവിനെ തളളിപ്പറയാന്‍ മടിക്കാത്ത സംസ്‌കാരം കോണ്‍ഗ്രസില്‍ വളര്‍ന്നുവരികയാണെന്നും വിഷയത്തില്‍ പി ജെ കുര്യന്‍ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
'യുവ നേതാക്കളെ ടെലിവിഷനില്‍ മാത്രമേ കാണുന്നുളളുവെന്ന പി ജെ കുര്യന്റെ നിരീക്ഷണം യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന്റെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എത്രത്തോളം വ്യതിചലിച്ചുവെന്ന് തുറന്നുകാട്ടുന്നു. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനശൈലി മാതൃകയാക്കണം എന്ന അദ്ദേഹത്തിന്റെ നിര്‍ദേശം സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന യുവജന പ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ചുളള തിരിച്ചറിവായിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന, മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുളള മുതിര്‍ന്ന നേതാവാണ് പി ജെ കുര്യന്‍. മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷ വോട്ടുകള്‍ നേടിക്കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സ്വാധീനം നിര്‍ണായകമായിരുന്നു. ഒരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിച്ച മുതിര്‍ന്ന നേതാവിനെ കടന്നാക്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. യൂത്ത് കോണ്‍ഗ്രസ് ഈ നിഷേധാത്മക സമീപനം അവസാനിപ്പിക്കണം. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് ഈ വിഷയത്തില്‍ പി ജെ കുര്യന്‍ നിലപാടെടുക്കുമെന്ന് വിശ്വസിക്കുന്നു. കോണ്‍ഗ്രസിന്റെ ജീര്‍ണിച്ച രാഷ്ട്രീയ സംസ്‌കാരത്തില്‍ നിന്ന് പുറത്തുകടന്ന് പുരോഗമനപരമായ നിലപാടുകളോടൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- എന്നാണ് സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍ സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയണ്ടേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള കുര്യന്റെ ചോദ്യം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്‌ഐ കൂടെ നിര്‍ത്തുന്നുവെന്ന് സര്‍വ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയില്‍ വെച്ച് തന്നെ ഇതിന് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കെഎസ്യു നേതാക്കളും പ്രവര്‍ത്തകരും പി ജെ കുര്യനെതിരെ രംഗത്തെത്തിയിരുന്നു.