ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിച്ച സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലില്‍ കനത്ത പ്രതിഷേധം ഉയര്‍ത്തുകയാണ് പ്രതിപക്ഷം. ലോക്സഭാ സെക്രട്ടറി ജനറലിന് എഴുതിയ കത്തില്‍, ഭരണഘടന (130ാം ഭേദഗതി) ബില്‍ 2025, യൂണിയന് ടെറിട്ടറി ഭരണ (ഭേദഗതി) ബില്‍ 2025, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍ 2025 എന്നിവ അവതരിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ബില്ലുകള്‍ പാസാകുകയാണെങ്കില്‍, യൂണിയന് ടെറിട്ടറികളിലെ ഗവര്‍ണര്‍മാര്‍ക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കും 30 ദിവസത്തിലധികം ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ കുറ്റവിചാരണ നടത്താതെ തന്നെ പുറത്താക്കാന്‍ അധികാരം നല്‍കും. ഭേദഗതി, ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് കസ്റ്റഡിയില്‍ എടുക്കപ്പെടുന്ന മന്ത്രിമാരുടെ സ്ഥാനം നഷ്ടപ്പെടുത്തുന്നതിനുള്ള ഒരു നിയമപരമായ ചട്ടക്കൂട് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു.
പ്രതിപക്ഷം ഈ നീക്കത്തെ 'ബിഹാറിലെ വോട്ടര്‍ അധികാര യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം' എന്ന് വിമര്‍ശിച്ചിട്ടുണ്ട്. 2023-ല്‍ തമിഴ്നാട് മന്ത്രി വി. സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ വിവാദവും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലില്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പദവിയില്‍ തുടര്‍ന്ന സംഭവവും ആണ് ഈ ബില്ലുകള്‍ക്ക് പശ്ചാത്തലമായി ഭരണപക്ഷം ന്യായീകരിക്കുന്നത്.
നേതാക്കള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് കസ്റ്റഡിയില്‍ കഴിയുമ്പോള്‍, അത് ഭരണഘടനാ മൂല്യങ്ങളെയും ഭരണനിര്‍വ്വഹണത്തിന്റെ വിശ്വാസ്യതയെയും ബാധിക്കുമെന്ന് ബില്ലിന്റെ വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍, ഈ ബില്ലുകള്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്റെ അവസാന ദിവസങ്ങളില്‍ അവതരിപ്പിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ അപ്രതീക്ഷിതമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഈ ബില്ലുകള്‍ പാസാകുന്നതോടെ, ഗുരുതരമായ കുറ്റാരോപണങ്ങള്‍ നേരിടുന്ന നേതാക്കള്‍ക്ക് ജയിലില്‍ നിന്ന് ഭരണം തുടരാനുള്ള സാധ്യതകള്‍ ഇല്ലാതാകും.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരേയോ മുഖ്യമന്ത്രിയേയോ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും അവരെ പുറത്താക്കുകയും ചെയ്യാന്‍ ഭരണത്തിലിരിക്കുന്നവര്‍ക്ക് സാധിക്കും എന്നതാണ് ബില്ലില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ട എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍.