ആറുമാസം പ്രായമായ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറി; കുമ്പളയിലെ കുഞ്ഞിനെ കണ്ടെത്തി പോലീസ്

11:00 AM Oct 30, 2025 |


കുമ്പള: രക്ഷിതാക്കൾ മറ്റൊരു കുടുംബത്തിന് കൈമാറിയ ആറുമാസം പ്രായമായ കുട്ടിയെ കണ്ടെത്തി ശിശുക്ഷേമസമിതിക്ക് കൈമാറി പോലീസ് .കുമ്പളയിലാണ് സംഭവം. ആറുമാസം മുൻപ് മംഗളൂരുവിലെ ആസ്പത്രിയിൽ പ്രസവിച്ച യുവതിയുടെ വീട്ടിൽ ആരോഗ്യപ്രവർത്തകയെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. അന്വേഷണത്തിനൊടുവിൽ നീർച്ചാലിലെ മറ്റൊരു വീട്ടിൽനിന്ന് കുഞ്ഞിനെ കണ്ടെത്തി.

ആരോഗ്യപ്രവർത്തക കുഞ്ഞിനെ അന്വേഷിച്ചപ്പോൾ ആദ്യം മരിച്ചുവെന്നായിരുന്നു മാതാവിന്റെ മറുപടി. സംശയം തോന്നിയ ആരോഗ്യപ്രവർത്തക കുറച്ച് ദിവസത്തിനുശേഷം വീണ്ടും അന്വേഷിച്ചപ്പോൾ ഇവർ താമസം മാറിയതായി അറിഞ്ഞു. 

ദിവസങ്ങൾക്ക് മുൻപ് യുവതി വീണ്ടും പഴയ താമസസ്ഥലത്ത് വന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തക വീണ്ടും ഇവിടേക്ക് എത്തി അന്വേഷിച്ചപ്പോൾ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. കൂടുതൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ, ഒരാളോട് പണം പലിശയ്ക്കായി വാങ്ങിയെന്നും അവർക്ക് കുഞ്ഞിനെ നൽകിയെന്നും മറുപടി. പിന്നീട് അതും മാറ്റിപ്പറഞ്ഞു.

തുടർന്നാണ് ആരോഗ്യപ്രവർത്തക ബന്ധപ്പെട്ടവർക്ക് വിവരം കൈമാറിയത്. കുമ്പള പഞ്ചായത്ത്‌ അധികൃതരും സാമൂഹികാരോഗ്യകേന്ദ്രം അധികൃതരും ചേർന്ന് പോലീസിലും ശിശുക്ഷേമസമിതിയിലും വിവരമറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ നീർച്ചാലിലെ സ്ത്രീയോടൊപ്പം കണ്ടെത്തിയത്. കുഞ്ഞിനെ പണത്തിനായി വിറ്റതല്ലെന്നും പോറ്റാനായി തന്നെ ഏൽപിച്ചതാണെന്നുമാണ് നീർച്ചാലിലെ സ്ത്രീ പറഞ്ഞത്.