പി വി സതീഷ് കുമാർ
ശബരിമല : കാനന ക്ഷേത്രമായ ശബരിമലയിലും പരിസര പ്രദേശങ്ങളിലും വ്യാജ രേഖകളുമായി തമ്പടിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ പ്രത്യേക സംഘം നടപടി തുടങ്ങി. താൽക്കാലിക ജോലിക്കാരായി ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും വ്യാജ രേഖകളുമായി തങ്ങുന്നവരെ കണ്ടെത്തുന്നതിനാണ് പ്രത്യേക സംഘത്തിന് രൂപം നൽകിയിരിക്കുന്നത്.
തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നായി വ്യാജ പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കേറ്റ് ഉൾപ്പടെയുള്ള രേഖകളുമായി എത്തിയ നൂറുകണക്കിന് പേർ സന്നിധാനത്തടക്കം തമ്പടിച്ചിട്ടുണ്ട് എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസിന്റെ പ്രത്യേക സംഘത്തിന് പുറമെ ഇന്റലിജൻസും രഹസ്യാന്വേഷണ വിഭാഗവും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മണ്ഡല കാലം ആരംഭിച്ചപ്പോൾ ദേവസ്വം ബോർഡ് നൽകിയ തിരിച്ചറിയൽ കാർഡ് ഉടമകളിൽ പലരും നിലവിൽ അതാത് സ്ഥാപനങ്ങളിൽ ഇല്ലെന്നും പകരക്കാരാണ് ജോലി ചെയ്യുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. തീർത്ഥാടനം ആരംഭിച്ച് 20 ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ വ്യാജ തിരിച്ചറിയൽ രേഖകളുമായി പലവിധ ജോലികൾ ചെയ്തിരുന്ന നിരവധി പേരെ മടക്കി അയച്ചിരുന്നു.
ഇവരിൽ പലരും ശബരിമലയിലെ വിവിധ വനപ്രദേശങ്ങളിൽ തമ്പടിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ശബരിമലയുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർ വളരെ ഗൗരവകരമായയാണ് ഇതിനെ കാണുന്നത്. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ഉൾവനത്തിൽ അടക്കം സംയുക്ത സേനയുടെ പരിശോധന ഉണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്.