കൊച്ചി: കേരളത്തിലെ പോലീസ് സേനയുടെ ക്രൂരമുഖം വീണ്ടും തുറന്നുകാട്ടുന്ന സംഭവമാണ് തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നടന്നത്. 2023 ഏപ്രില്‍ 5-ന് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അഞ്ചിലധികം പോലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാണ്.
രണ്ടു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ആര്‍ടിഐ വഴി ലഭിച്ചതാണ് ഈ ദൃശ്യങ്ങള്‍. പോലീസിന്റെ അധികാര ദുര്‍വിനിയോഗം ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുജിത്തിനെ പോലീസ് ജീപ്പില്‍ വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച ശേഷം, ഷര്‍ട്ട് ഊരി മാറ്റി, തുടര്‍ച്ചയായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ കാണം. അന്നത്തെ കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. സുജിത്തിന്റെ സുഹൃത്തുക്കളോട് പോലീസ് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തത്. മര്‍ദനത്തിന്റെ ഫലമായി സുജിത്തിന് ഒരു ചെവിയില്‍ സ്ഥിരമായ കേള്‍വി നഷ്ടമുണ്ടായി.
സംഭവത്തിന് ശേഷം പോലീസ് ചെറിയ വകുപ്പുകള്‍ മാത്രം ചുമത്തി അന്വേഷണം നടത്തി, പ്രതികളെ സംരക്ഷിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുമ്പോള്‍ ഒരേ കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാനാവില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്. പോലീസിന്റെ സമീപനം ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇളക്കുന്നതാണ്. എന്നാല്‍, ഇത് ക്രൂരമായ മര്‍ദനത്തിന് ഇരയായ വ്യക്തിക്ക് നീത് നല്‍കില്ല. കേരള മനുഷ്യാവകാശ കമ്മീഷന്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ സംഭവം പോലീസ് സേനയിലെ 'യൂണിഫോമിലെ ക്രിമിനലുകളെ' തുറന്നുകാട്ടുന്നു. നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരം ക്രൂരരായ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് അനീതിയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ പോലീസ് അധികാര ദുര്‍വിനിയോഗം വര്‍ധിക്കുന്നത് ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നു. ഇത്തരം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടാല്‍ മാത്രമേ പോലീസ് സേനയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ.
അടുത്തിടെ കേരളത്തില്‍ പോലീസ് ക്രൂരതയുടെ ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. ജനാധിപത്യത്തിന്റെ സംരക്ഷകരായിരിക്കേണ്ട പോലീസ് ക്രിമിനലുകളാകുമ്പോള്‍, കര്‍ശന നടപടി അനിവാര്യമാണ്.