അടിമാലി: ഝാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ട പ്രതിയെ മൂന്നാറിൽനിന്ന് എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബുവിനെയാണ് (30) മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽനിന്ന് പിടികൂടിയത്.
മാവേയിസ്റ്റ് സംഘാംഗമായ ഇയാൾ ഭാര്യക്കൊപ്പം എസ്റ്റേറ്റിൽ ജോലിചെയ്തുവരികയായിരുന്നു. ഒമ്പതുവയസ്സുള്ള മകനും ഇവരോടൊപ്പം ഉണ്ടായിരുന്നു. 2021ൽ നടന്ന സ്ഫോടനക്കേസിലെ 33ാമത്തെ പ്രതിയാണ് സഹനെന്ന് മൂന്നാർ പൊലീസ് അറിയിച്ചു. ഒന്നരവർഷമാണ് മൂന്നാറിൽ ഒളിവിൽ താമസിച്ചത്.
മൂന്നാർ പൊലീസിൻറെ സഹകരണത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കി. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം കോടതി എൻ.ഐ.എക്ക് വിട്ടുനൽകി. എൻ.ഐ.എ റാഞ്ചി യൂനിറ്റിൽ നിന്നുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.