പൊന്മാൻ സൂമർ ആലപ്പി റിപ്പിൾസ് ഭാഗ്യചിഹ്നം

08:15 PM Aug 18, 2025 | AVANI MV

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായി ഒരുങ്ങുന്ന ആലപ്പി റിപ്പിൾസ് ടീമിന്റെ ഭാഗ്യചിഹ്നമായി സൂമർ എന്ന പൊന്മാൻ. ആലപ്പുഴയുടെ കായലുകളുടെ വേഗതയും, ചടുലതയും, ഏകാഗ്രതയുടെയും പ്രതീകമായിയാണ് സൂമർ എന്ന് പേരിട്ടിരിക്കുന്ന പൊന്മാൻ ആലപ്പി റിപ്പിൾസിന്റെ ഭാഗ്യചിഹ്നമാകുന്നത്. യുവാക്കൾക്കിടയിൽ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായും നാടിന്റെ എല്ലായിടങ്ങളിലേക്കും ക്രിക്കറ്റ് ആവേശം എത്തിക്കാനും ഒപ്പം ലഹരിക്കെതിരെ ഒന്നിക്കാനും സൂമറിലൂടെ ടീം ലക്ഷ്യം വെക്കുന്നു. ഗ്രൗണ്ടിലും ഓൺലൈനിലും മത്സരങ്ങളെ വിശദീകരിക്കാനായി @zoomerripples എന്ന പേജിലൂടെ സൂമർ എത്തും.

ഓഗസ്റ്റ് 22ന് ഉച്ചക്ക് 2.30 ത്യശ്ശൂർ ടൈറ്റൻസുമായുള്ള മത്സരത്തോടെയാണ് റിപ്പിൾസ് കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനു തുടക്കം കുറിക്കുന്നത്. മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റനായ റിപ്പിൾസ് ടീമിന്റെ വൈസ് ക്യാപ്റ്റൻ അക്ഷയ് ചന്ദ്രനാണ്. ജലജ് സക്‌സേന, വിഗ്‌നേഷ് പുത്തൂർ, അക്ഷയ്.ടി.കെ, ബേസിൽ എൻ. പി, ശ്രീഹരി എസ്. നായർ, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്, രാഹുൽ ചന്ദ്രൻ, അനുജ്ജ് ജോതിൻ, ശ്രീരൂപ് എം. പി., ബാലു ബാബു, അരുൺ കെ. എ., അഭിഷേക് പി നായർ, ആകാശ് പിള്ള, മുഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ എന്നിവരാണ് ടീമിലെ മറ്റ് കളിക്കാർ. മുൻ കേരള ക്യാപ്റ്റൻ സോണി ചെറുവത്തൂരാണ് ആലപ്പി റിപ്പിൾസ് ടീമിന്റെ മുഖ്യ പരിശീലകൻ.