പോർക്ക് ഫ്രൈ ആയാലോ?

01:45 PM Jul 03, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകൾ:

ഒരു കിലോ പോർക്ക്
ഇഞ്ചിയും വെളുത്തുള്ളിയും ( ചെറുതായി അരിഞ്ഞത്) – ഒരു ടേബിൾസ്പൂൺ
അരിഞ്ഞെടുത്ത സവാള – ഒരു കപ്പ്
തേങ്ങാക്കൊത്ത് – കാൽ കപ്പ്
മഞ്ഞൾപ്പൊടിയും മുളകുപൊടിയും – ഒരു ടീസ്പൂൺ വീതം

മീറ്റ് മസാല – ഒരു ടീസ്പൂൺ
ഗരംമസാല പൊടി – ഒരു ടീസ്പൂൺ
ഒരു ടീസ്പൂൺ കടുക്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കറിവേപ്പില – ഒന്നോ രണ്ടോ തണ്ട്
ആവശ്യത്തിന് കുരുമുളകുപൊടിയും ഉപ്പും

തയ്യാറാക്കുന്ന വിധം:

പോർക്ക് ഇറച്ചിക്കഷണങ്ങളിൽ നിന്ന് നെയ്യുള്ള വേർതിരിക്കണം. വെളുത്ത നിറമുള്ള പീസുകളാണ് നെയ്യുള്ള പീസുകൾ. ഇത് നന്നായി ക‍ഴുകി വൃത്തിയാക്കി ഒരു ചട്ടിയിലേക്ക് മാറ്റുക. ഇനി ചെറുതീയിൽ വച്ച് നെയ്യ് ഉരുക്കിയെടുക്കണം. ഇങ്ങനെ ഉരുക്കിമാറ്റിയ നെയ്യ് കളയാം. തുടർന്ന് നെയ്യ് മാറ്റിയ ശേഷം വറുത്തു കോരിയ കഷ്ണങ്ങൾ, സാധാരണ ഇറച്ചി കഷ്ണങ്ങളോട് ചേർത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് വഴറ്റിയെടുത്ത വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവക്കൊപ്പം തേങ്ങാക്കൊത്തും ചേർക്കുക.

ഇനി ഇതിലേക്ക് എടുത്തുവച്ച മഞ്ഞൾപ്പൊടി, മുളകുപൊടി, ഒപ്പം മീറ്റ് മസാല, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയെടുക്കാം. വളരെ കുറച്ചു വെള്ളം മാത്രം ചേർത്ത് അടുപ്പിൽ വേവിക്കുന്നതാണ് ഉത്തമം. ഇനി ഇങ്ങനെ വേവിച്ചെടുത്ത പോർക്ക് പീസുകൾ ഒരു പാനിലേക്ക് മാറ്റി വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും കടുകുമിട്ട് പൊട്ടിച്ചെടുത്തതിലേക്കിട്ട് നന്നായി ഉലർത്തിയെടുക്കാം.

വെള്ളം വറ്റിവരുമ്പോൾ കുരുമുളക് പൊടി ചേർക്കാം. ആവശ്യമെങ്കിൽ ഗരംമസാലപ്പൊടിയും ചേർത്തെടുക്കാം. പക്ഷേ കുരുമുളകുപൊടി തന്നെയാണ് ഇതിന്‍റെ പ്രധാന ചേരുവയെന്ന് മനസിലാക്കുക. കടുക് പൊട്ടിക്കുന്ന സമയം വേണമെങ്കിൽ കൂടുതൽ തേങ്ങാക്കൊത്തും വറുത്ത് ചേർക്കാവുന്നതാണ്.
ഇനി ചെറുതീയിൽ നന്നായി മൊരിച്ചെടുത്താൽ കിടിലൻ അങ്കമാലി പോർക്ക് ഫ്രൈ റെഡി. ഉമ്മറത്തിരുന്ന് രുചിയോടെ മഴയാസ്വദിക്കാൻ ഇതുതന്നെ ബെസ്റ്റ്.