തിരുവനന്തപുരം: പേ വിഷബാധയേറ്റ കുട്ടിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തിരുന്നുവെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് .
കൈമുട്ടിലെ ഉൾഭാഗത്തെ ഞരമ്പിൽ ആഴത്തിലുള്ള കടിയേറ്റനിലയിൽ എസ്എടിയിൽ വരുമ്പോൾത്തന്നെ നിയയ്ക്കു പേവിഷബാധയുണ്ടായിരുന്നതായും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തതായും എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു പറഞ്ഞു.
കടിയേറ്റയുടൻതന്നെ മുറിവ് സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കഴുകിയിരുന്നതായി കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു. കൈമുട്ടിലെ ഞരമ്പിൽ വളരെ ആഴത്തിലാണ് നിയയ്ക്കു കടിയേറ്റത്. നായയുടെ പല്ല് നേരിട്ട് ഞരമ്പിൽ പതിഞ്ഞിരിക്കാനാണ് സാധ്യത. ഇത്തരം സാഹചര്യങ്ങളിൽ വാക്സിൻ ആന്റിബോഡി ഫലപ്രദമാകുന്നതിനു മുൻപുതന്നെ വൈറസ് തലച്ചോറിലെത്തി രോഗബാധയുണ്ടാകുമെന്ന് ഡോ. ബിന്ദു പറഞ്ഞു.
തലയ്ക്കും മുഖത്തും കടിയേറ്റാൽ തലച്ചോറിലേക്ക് വൈറസ് വേഗത്തിലെത്തുമെന്നും കുട്ടികളിൽ ഇതിന്റെ സാധ്യത മുതിർന്നവരേക്കാൾ പതിൻമടങ്ങാണെന്നും മെഡിക്കൽകോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം തലവൻ ഡോ. അരവിന്ദ് ആർ. പറഞ്ഞു.
പേവിഷ വാക്സിനെതിരേ നടക്കുന്ന പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ പറഞ്ഞു. വാക്സിനെടുത്താൽ വൈറസിനെതിരേ ആന്റിബോഡി രൂപപ്പെടുമെന്നും രോഗബാധയെ ചെറുക്കുമെന്നും ആഗോളതലത്തിൽതന്നെ അംഗീകരിക്കപ്പെട്ടതാണ്. ഇതിനു നിശ്ചിത സമയമുണ്ട്. അതിനാലാണ് വാക്സിൻ പല ഡോസുകളായി വിഭജിച്ചുനൽകുന്നത്. നിയയ്ക്കു കടിയേറ്റതുപോലുള്ള അപൂർവ സാഹചര്യങ്ങളിൽമാത്രമാണ് വാക്സിൻ ഫലപ്രദമല്ലാതാകുന്നത്. ഇതിന്റെ പേരിൽ വാക്സിനെതിരേയുള്ള ആസൂത്രണ പ്രചാരണം ശരിയല്ല. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു.