മലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനം; അവസാന തീയതി മേയ് 30

07:19 PM May 13, 2025 | Kavya Ramachandran
മലപ്പുറം: തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ചലച്ചിത്ര പഠനം, പരിസ്ഥിതി പഠനം, ചരിത്രം, സോഷ്യോളജി, വികസനപഠനവും തദ്ദേശ വികസനവും, കമ്യൂണിക്കേഷൻ -ജേണലിസം, ഭാഷാശാസ്ത്രം, മലയാളം-സംസ്‌കാര പൈതൃകം, മലയാളം - സാഹിത്യപഠനം, മലയാളം-സാഹിത്യ രചന, താരതമ്യ സാഹിത്യ വിവർത്തനപഠനം എന്നീ എംഎ കോഴ്‌സുകളും പരിസ്ഥിതി പഠനം എംഎസ്‌സി കോഴ്‌സുമാണുള്ളത്.
മലയാളം മാധ്യമത്തിലാണ് പഠനം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബിരുദ തലത്തിൽ ഏതു വിഷയം പഠിച്ചവർക്കും പ്രവേശനപ്പരീക്ഷ എഴുതാം. ഒരാൾക്ക് മൂന്നു പ്രോഗ്രാമിനുവരെ പ്രവേശനപ്പരീക്ഷയെഴുതാം.
തിരുവനന്തപുരം, എറണാകുളം, തിരൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. ഒരു കോഴ്‌സിലേക്ക് അപേക്ഷിക്കാൻ 475 രൂപയാണ് ഫീസ്. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 240 രൂപ. രണ്ടു കോഴ്‌സിന് അപേക്ഷിക്കാൻ 900/450. മൂന്നു കോഴ്‌സിലേക്ക് അപേക്ഷിക്കാൻ 1100 / 600 രൂപ.അഭിരുചിപ്പരീക്ഷ ജൂൺ ആദ്യവാരം. അപേക്ഷിക്കാനുള്ള അവസാനതീയതി മേയ് 30. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ www.mxlayalamuniversity.edu.in