വെറുതെ രസത്തിന് ചായ കുടിക്കുന്നവരുണ്ട്, ശീലമായി പോയത് കൊണ്ട് കുടിക്കുന്നവരുണ്ട്, ഊർജ്ജത്തിനായി ചായ കുടിക്കുന്നവരുണ്ട്. അങ്ങനെ ചായ കുടിക്കാൻ ഓരോ കാരണങ്ങളാണ് ഉള്ളത്. ഊർജ്ജത്തിനും ഉന്മേഷത്തിനുമായി ചായ കുടിക്കുന്നവരിൽ പലരും ജോലി ചെയ്യുന്നവരാകും. പവർഫുള്ളായി ജോലി ചെയ്യുന്നതിനിടെ പവർഫുൾ ചേരുവകൾ ചേർത്ത് പവർഫുൾ ചായ കുടിച്ചാലോ?
വെറുതെ ചായപ്പൊടിയും വെള്ളവും പഞ്ചസാരയും മാത്രം ചേർക്കാതെ ഇനി പറയുന്ന ചേരുവകൾ കൂടി ചേർത്താൽ രുചിയും ഗുണവും കൂടും. അവയിതാ..
ഇഞ്ചി: ഒന്നോ രണ്ടോ കഷ്ണം ഇഞ്ചി ചേർത്ത് ചായ തിളപ്പിച്ചാൽ പലതാണ് ഗുണം. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇഞ്ചി ചായ സഹായിക്കും. സന്ധിവാതം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ സാധ്യതയെ കുറയ്‌ക്കാനും ഇഞ്ചി ചായ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഏലയ്‌ക്ക: വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം തുടങ്ങി ശരീരത്തിന് ഗുണം ചെയ്യുന്ന നിരവധി പോഷകങ്ങളാണ് ഏലയ്‌ക്കായിൽ ഉള്ളത്. പതിവായി ഏലയ്‌ക്കാ ചായ കുടിക്കുന്നത് അസിഡിറ്റിയെ അകറ്റാനും. ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിൾ, വയർ വീർത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ദഹനം മെച്ചപ്പെടുത്താനും ഏലയ്‌ക്ക സഹായിക്കും. തണുപ്പുകാലത്തെ ചുമ, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങി പ്രശ്നങ്ങൾ പരിഹരിക്കാൻ ഏലയ്‌ക്ക് ഇട്ട ചായ കുടിക്കാം.
കറുവപ്പട്ട: ശരീരഭാരം നിയന്ത്രിക്കുന്നതിനും ദഹനത്തിനുമൊക്കെ സഹായിക്കുന്നതാണ് കറുവപ്പട്ട. കറുപ്പട്ടയിട്ട് ചായ കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കുന്നു. ആൻ്റി-മൈക്രോബിയൽ ഗുണങ്ങളുള്ള ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ഓർമശക്തി, ഏകാഗ്രത തുടങ്ങിയ വർദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കറുവപ്പട്ട ചായ സഹായിക്കും.
തുളസി: ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ഓക്സിഡൻ്റ് എന്നിവ അടങ്ങിയിട്ടുള്ള സസ്യമാണ് തുളസി. സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കുകയും സമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു. വിഷാദത്തിന്റെ വിവിധ ലക്ഷണങ്ങളെ തുളസി ചായ കുറയ്‌ക്കുന്നു. ഇതിലെ മൈക്രോബയൽ ഗുണങ്ങൾ വായിലെ ദോഷകരമായ ബാക്ടീരിയകളെ ചെറുക്കുന്നു.
മഞ്ഞൾ: പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. അലർജി തുമ്മൽ, ചുമ എന്നിവയ്‌ക്ക് ഏറ്റവും നല്ലതാണ് മഞ്ഞൾ ചായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ശരീരഭാരം കുറയ്‌ക്കാനും മഞ്ഞൾ ചായ സഹായിക്കും.