കണ്ണൂർ: താൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലത്ത് 23 തവണ വിദേശ യാത്ര നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പി.പി ദിവ്യ പ്രതികരിച്ചു. ഇതു സംബന്ധിച്ചു ചില മുഖ്യധാര മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നവാർത്ത തന്നെ വേട്ടയാടാൻ വേണ്ടി കെട്ടിചമച്ചതാണ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലത്ത് രണ്ടേ രണ്ടുതവണ മാത്രമേ താൻ വിദേശ യാത്ര നടത്തിയിട്ടുള്ളു. ഈ കാര്യം തൻ്റെ പാസ്പോർട്ട് പരിശോധിച്ചാൽ വ്യക്തമാകും.
ഗൾഫ് പ്രവാസി സംഘടനയായ കെ.എം.സി.സിയുടെയും പ്രവാസി വ്യവസായ സംഘടനയായ വെയ്ക്കിൻ്റെയും പരിപാടികളിൽ പങ്കെടുക്കാനാണ് പോയത്. ഇതിൽ കെ.എം.സി സി യുടെ പരിപാടിയിൽ കോൺഗ്രസ് നേതാവ് എം.എം ഹസൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെന്ന നിലയിൽ വിദേശ യാത്ര നടത്തണമെങ്കിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അനുമതി ആവശ്യമാണ് 23 വിദേശയാത്ര നടത്തിയെന്ന് ആരോപിക്കുന്നവർ അതു തെളിയിക്കാനും തയ്യാറാകണം. അല്ലെങ്കിൽ നിയമനടപടി സ്വീകരികേണ്ടി വരും. സി.പി.എമ്മിൻ്റെ പ്രവർത്തകയായതു കൊണ്ടാണ് തനിക്കെതിരെ മാധ്യമവേട്ട നടക്കുന്നത്. കോൺഗ്രസിൻ്റെയോ ബി ജെ പി യുടെ യോ പ്രവർത്തകയാണെങ്കിൽ തനിക്കെതിരെ ഇത്തരത്തിലുള്ള കടന്നാക്രമണം ഉണ്ടാവാൻ സാധ്യതയില്ലെന്നും പി പി ദിവ്യ പറഞ്ഞു.