+

ബിനാമി ഇടപാടിനായി 23 തവണ വിദേശത്തുപോയി, പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമങ്ങളെ വെറുതെ വിടില്ലെന്ന് ദിവ്യ, സത്യാവസ്ഥ വെളിപ്പെടുത്തി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക് നടത്തിയ മാധ്യമങ്ങളെ വെറുതെ വിടില്ലെന്ന് സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ. 

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക് നടത്തിയ മാധ്യമങ്ങളെ വെറുതെ വിടില്ലെന്ന് സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ. 

മാധ്യമങ്ങള്‍ സമാനതകളില്ലാത്ത വ്യാജ പ്രചരണമാണ് തനിക്കെതിരെ അഴിച്ചുവിട്ടതെന്ന് ദിവ്യ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാധ്യമവേട്ടയുടെ ഇരയായി തീര്‍ന്നതോടെ പച്ചക്കള്ളം യുട്യൂബ് ചാനലുകള്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ചു. ഇക്കൂട്ടത്തില്‍ ശ്രദ്ധനേടിയ വ്യാജപ്രചരണങ്ങളില്‍ ഒന്നാണ് ദിവ്യ 23 തവണ വിദേശ യാത്ര നടത്തിയെന്നത്. ബിനാമി ഇടപാടിനായി മന്ത്രിമാരേക്കാള്‍ കൂടുതല്‍ വിദേശയാത്ര നടത്തിയെന്നായിരുന്നു പ്രചരണം.

തനിക്കെതിരെ ഈ രീതിയില്‍ വ്യാജവാര്‍ത്ത ചമച്ച ജനം ടിവിക്കും മറുനാടന്‍ മലയാളിക്കും എതിരെ യുട്യൂബ് വീഡിയോയിലൂടെ ദിവ്യ ആഞ്ഞടിച്ചു. കള്ളപ്രചരണം പൊളിച്ചടുക്കിയ അവര്‍ ഏതുരീതിയിലാണ് ഒരു സ്ത്രീക്കെതിരെ ആക്രമണം നടത്തിയതെന്നത് തുറന്നുകാട്ടുകയും ചെയ്തു.

ജനം ടിവിയാണ് വിദേശയാത്ര വ്യാജ പ്രചരണത്തിന് തുടക്കമിട്ടത്. 23 തവണ വിദേശയാത്ര നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കാനായിരുന്നു യാത്രയെന്നുമെല്ലാം ഓണ്‍ലൈനിലൂടെ വ്യാപകമായ പ്രചരണം നടന്നു.

p p divya

ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകുന്ന ഒരു കാര്യമാണ് യാതൊരു അടിസ്ഥാനവുമില്ലാതെ കള്ളമായി പ്രചരിപ്പിച്ചതെന്ന് ദിവ്യ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയശേഷം ആകെ രണ്ടു തവണ മാത്രമാണ് താന്‍ വിദേശയാത്ര നടത്തിയത്. രണ്ടിനും കൃത്യമായ രേഖകളുണ്ടെന്നും പാര്‍ട്ടി അനുമതിയോടെയാണ് യാത്രയെന്നും അവര്‍ വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കള്‍ക്ക് വിദേശ യാത്ര നടത്താന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമാണ്. അനുമതി തന്ന ശേഷം മാത്രമാണ് യാത്ര നടത്തിയത്. ദുബായില്‍ കെഎംസിസിയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യയാത്ര. ആ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സനും മുസ്ലീം ലീഗ് നേതാവ് എംകെ മുനീറും പങ്കെടുത്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ വ്യവസായ സംരഭകര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനായാണ് രണ്ടാം തവണ ദുബായിലെത്തിയത്. മറ്റൊരു വിദേശ യാത്രയും താന്‍ നടത്തിയിട്ടില്ലെന്നും പിപി ദിവ്യ പറഞ്ഞു.

Aam Aadmi Party has lodged a complaint with vigilance seeking investigation into PP Divya's benami transactions

താന്‍ അഴിമതിക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഓണ്‍ലൈനിലൂടെ വ്യാജ പ്രചരണം നടത്തിയത്. ഒരു സ്ത്രീ കേസില്‍ ഉള്‍പ്പെട്ടാല്‍ തെരുവു ഗുണ്ടയെപ്പോലെയാണ് ഈ മാധ്യമങ്ങളുടെ വേട്ടയാടല്‍. വിദേശയാത്രയുമായി ബന്ധപ്പെട്ട് തന്റെ പാസ്‌പോര്‍ട്ട് ആര്‍ക്കും പരിശോധിക്കാം. വാര്‍ത്ത നല്‍കുമ്പോള്‍ അന്തസ്സോടെ നല്‍കണം. വ്യാജ വാര്‍ത്ത നല്‍കിയ ജനം ടിവി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും ദിവ്യ വീഡിയോയിലൂടെ അറിയിച്ചു.

facebook twitter