+

പിപിഇ കിറ്റ് ഇടപാട് ; സിബിഐ അന്വേഷിക്കണം: വി.മുരളീധരൻ

കൊവിഡ് സമയത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന സിഎജി കണ്ടെത്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.  

ഡൽഹി : കൊവിഡ് സമയത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന സിഎജി കണ്ടെത്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.  സാൻ ഫാർമ കമ്പനിക്ക് പത്തുകോടി വെറുതെ കൊടുത്തതാണോ അതോ മറ്റ് ലാഭക്കച്ചവടം ഇതിന് പിന്നിലുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. സിഎജി കണ്ടെത്തിയ ക്രമക്കേടിന്‍റെ പശ്ചാത്തലത്തിൽ കൊവിഡ് കാലത്തെ ആരോഗ്യവകുപ്പിൻ്റെ ഇടപാടുകളിൽ സിബിഐ അന്വേഷണത്തിന് പിണറായി വിജയൻ തയാറാവുമോയെന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു.

യുപിഎ ഭരണകാലത്ത് സിഎജി കണ്ടെത്തിയ അഴിമതികളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടവരാണ് സിപിഎം എന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. 
കിറ്റിൽ മാത്രമല്ല ഗ്ലൗസുകളടക്കം വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണമുണ്ട്. ഇതെല്ലാം അന്വേഷണ പരിധിയിൽ വരണം.

സാമൂഹ്യക്ഷേമപെൻഷൻ കൊടുക്കാൻ 1600 രൂപ ഇല്ലെന്ന് പറഞ്ഞവരാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങി പത്തുകോടി നഷ്ടം വരുത്തിയത് എന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. 
ബിജെപിയുടെ സിഎജി എന്ന തോമസ് ഐസക്കിൻ്റെ വിമർശനത്തെ മുരളീധരൻ തള്ളി. സിഎജി മാനദണ്ഡങ്ങൾ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടാക്കിയതല്ല. സാമ്പത്തിക ക്രയവിക്രയങ്ങളുടെ ചട്ടങ്ങൾ ദശാബ്ദമായി നിലവിലുണ്ട്. അതിനെ മറികടന്ന് തീരുമാനം എടുക്കാനുണ്ടായ കാരണം സിഎജിയെ ബോധ്യപ്പെടുത്താൻ സർക്കാരിനായിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

കൊവിഡ് കാലത്ത് മാധ്യമലേബലുള്ള ഇടതുസഹയാത്രികരെ ഉപയോഗിച്ച് വ്യാജ പ്രചാരവേല നടത്തുകയായിരുന്നു പിണറായി വിജയൻ. അന്നത് ചോദ്യം ചെയ്തപ്പോൾ ആക്ഷേപമായിരുന്നു മറുപടി. മഹാമാരിയെ ഉപയോഗപ്പെടുത്തി പ്രചാരവേല നടത്തിയ സർക്കാരിൽ ജനം ഇനിയും വഞ്ചിതരാകരുതെന്നും വി.മുരളീധരൻ പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്‍റെ പൊതുജനാരോഗ്യരംഗത്തെ നശിപ്പിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

facebook twitter