
കണ്ണൂർ : സുഹൃത്തായ യുവാവിനെ മർദ്ദിച്ച് അവശനാക്കിയതിനു ശേഷം കുളത്തിൽ തള്ളിയിട്ട കേസിലെ പ്രതി നടുവിൽ പോത്തുകുണ്ട് റോഡിലെ വയലിനകത്ത് മിഥിലാജി ( 26 )നെ ഇന്ന് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. വ്യക്തിവൈരാഗ്യത്താൽ നടുവിൽ പടിഞ്ഞാറെ കവലയിലെ വി. വി പ്രജുലിനെ മർദ്ദിച്ചു അവശനാക്കിയതിനു ശേഷം കുളത്തിൽ തള്ളിയിട്ടു കൊന്നത് താനും സുഹൃത്തായ നടുവിൽ കിഴക്കെ കവലയിലെ ഷാക്കിറുമാണെന്ന് ഇയാൾ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിൽ കൂട്ടുപ്രതിയായ ഷാക്കിർ ഒളിവിലാണ് ഇയാൾക്കായി പൊലിസ് അന്വേഷണം ഊർജജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 25 നാണ് നടുവിൽ കോട്ട മലയിലേക്കുള്ള റോഡരികിൽ പ്രജുലിൻ്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് നടുവിൽ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കുണ്ടുകുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പ്രജുലിൻ്റെ ദേഹത്ത് മർദ്ദനമേറ്റ ക്ഷതങ്ങൾ കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലിസിനെ എത്തിച്ചത്. നേരത്തെ കഞ്ചാവ് കേസിൽ പൊലിസ് മിഥിലാജിനെ അറസ്റ്റുചെയ്തിരുന്നു. തൻ്റെ കഞ്ചാവ് വിൽപ്പന ഒറ്റികൊടുത്തത് സുഹൃത്തായ പ്രജുലാണെന്ന സംശയം ഇയാൾക്കുണ്ടായിരുന്നു. ഈ വൈരാഗ്യത്തിലാണ് സുഹൃത്തായ ഷാക്കിറുമൊന്നിച്ചു പ്രജുലിനെ വകവരുത്താൻ പദ്ധതിയിടാൻ കാരണമായത്. സൗഹൃദം നടിച്ചു ഇതിനായി പ്രജുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചു അവശനാക്കി ഇരുവരും ചേർന്ന് കുളത്തിൽ തള്ളിയിട്ടു കൊന്നതിനു ശേഷം അവിടെ നിന്നും കടന്നു കളയുകയായിരുന്നു.