+

ജയതിലക് ഐഎഎസിനെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ കൂട്ടാക്കിയില്ല; ചീഫ് സെക്രട്ടറിക്കെതിരെ എന്‍ പ്രശാന്ത്

ജയതിലക് ഐഎഎസിനെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ കൂട്ടാക്കിയില്ല; ചീഫ് സെക്രട്ടറിക്കെതിരെ എന്‍ പ്രശാന്ത്


ഐഎഎസ് തലപ്പത്തെ പോരിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ ആരോപണവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി പക്ഷപാതപരമായ പെരുമാറുന്നുമെന്ന് എന്‍ പ്രശാന്ത്. ജയതിലക് ഐഎഎസിനെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.ചീഫ് സെക്രട്ടറി 18 ന് നല്‍കിയ കത്തിന് 19 ന് മറുപടി തരണം എന്ന് ആവശ്യപ്പെട്ടു. നല്‍കിയ മറുപടികളുടെ തലക്കെട്ട് ' സ്റ്റേറ്റ്മന്റ് ഓഫ് ഡിഫന്‍സ്' എന്ന് നല്‍കാത്തതിനാല്‍ ചീഫ് സെക്രട്ടറി അവ പരിഗണിക്കാതിരിക്കുന്നുവെന്ന് എന്‍ പ്രശാന്ത് പറയുന്നു. ചീഫ് സെക്രട്ടറിയുടെത് പക്ഷപാതപരമായ പെരുമാറ്റമാമെന്നും നടപടികളിലൂടെ അത് വ്യക്തമായി എന്നും എന്‍ പ്രശാന്ത് ഐഎഎസിന്റെ ആരോപണം

ഹിയറിംഗ് നടത്തുന്നത് റെക്കോര്‍ഡ് ചെയ്ത് സ്ട്രീം ചെയ്യണമെന്നും കത്തില്‍ പ്രശാന്ത് ആവശ്യപ്പെട്ടു. പരസ്യപ്രസ്താവന നടത്തിയ എന്‍ പ്രശാന്ത് സസ്പെന്‍ഷനില്‍ തുടരുകയാണ്. ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ നീതിയും ന്യായും കാണുന്നില്ലെന്ന് പ്രശാന്ത് പറയുന്നു. ഇനി ചീഫ് സെക്രട്ടറിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും കത്തയക്കുകയുള്ളൂവെന്നും താന്‍ അയക്കുന്ന കത്തുകളും രേഖകളും കാണാതാകുന്നുവെന്നും എന്‍ പ്രശാന്ത് പറയുന്നു.


കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയതിലകിനെതിരെ തെളിവ് സഹിതം പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് ചീഫ് സെക്രട്ടറി അന്വേഷിക്കാന്‍ തയാറായില്ലെന്ന് എന്‍ പ്രശാന്ത് ആരോപിച്ചു. സസ്‌പെന്‍ഷന്‍ നടപടിയും തനിക്കെതിരയുള്ള കുറ്റങ്ങളും ഒഴിവാക്കണമെന്ന് പ്രശാന്ത് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു തവണ കൂടി ഹിയറിങ്ങിന് ഹാജരാകാന്‍ തയാണെന്ന് എന്‍ പ്രശാന്ത് പറയുന്നു. ഈ മാസം പത്തിനാണ് എന്‍ പ്രശാന്ത് ഐഎഎസ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെയും മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തത്. ഭരണസംവിധാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് എന്‍. പ്രശാന്തിനെതിരായ കണ്ടെത്തല്‍.

facebook twitter