സൗബിന് ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിന്കൂട് ഷാപ്പ് നാളെ തിയേറ്ററുകളില്‍ എത്തുന്നു. സിനിമയുടെ ട്രെയിലര്‍ ശ്രദ്ധേയമായിരുന്നു. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉള്‍പ്പെട്ടതാണ് സിനിമ.
മലയാള സിനിമയിലെ യുവസംഗീതസംവിധായകരില്‍ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളുമായി 'പ്രാവിന്കൂട് ഷാപ്പ്' റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമയായ പ്രേമലുവിന്റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയായാണ് ചിത്രമെത്തുന്നത്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചെത്ത് സോങ്ങ് ഏവരും ഏറ്റെടുത്തുകഴിഞ്ഞു.
അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചാന്ദ്നി ശ്രീധരന്, ശിവജിത് പത്മനാഭന്, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന് കെ.എസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്്. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കി സ്വതന്ത്ര സംവിധായകനായ വിഷ്ണു വിജയ് അമ്പിളി, നായാട്ട്, ഭീമന്റെ വഴി, പട, സുലൈഖ മന്‍സില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.